കൊവിഡ്; ധാരാവിയിൽ സംഭവിച്ചതെന്ത്? 

Dharavi fights back against Covid-19 pandemic

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് മുംബെെയിലെ ധാരാവി. ഏപ്രിൽ ഒന്നിനാണ് ധാരാവിയിൽ കൊവിഡ് ആദ്യമായി സ്ഥിരീകരിക്കുന്നത്. ജനസാന്ദ്രതയേറിയ ചേരിയായ ധാരാവിയിൽ തുടക്കത്തിൽ കൊവിഡ് വ്യാപനം ശക്തമായിരുന്നു. എന്നാൽ കൊവിഡ് മരണത്തിലും രോഗികളുടെ എണ്ണത്തിലും വലിയ കുറവാണ് ധാരാവിൽ ഇപ്പോൾ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വെറും 12 കൊവിഡ് കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. രോഗ വ്യാപനം തടയാനും രോഗം പടരാതിരിക്കാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി തെളിയിച്ചെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന ധാരാവിയിലെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. ധാരാവി ലോകത്തിന് തന്നെ മാതൃകയാണെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്. 

രണ്ട് ചതുരശ്ര കിലോമീറ്റർ വിസ്തൃതിൽ വ്യാപിച്ചു കിടക്കുന്ന മുംബെെ നഗരത്തിലെ ഒരു ചേരി പ്രദേശമാണ് ധാരാവി. 8 ലക്ഷം ആളുകളാണ് ഇവിടെ തിങ്ങിപാർക്കുന്നത്. മാർച്ച് 11ന് മുംബെെയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത് മൂന്നാഴ്ച കഴിഞ്ഞാണ് ഏപ്രിൽ ഒന്നിന് ആദ്യ കൊവിഡ് കേസ് ധാരാവിയിൽ സ്ഥിരീകരിക്കുന്നത്. ഉടൻ തന്നെ മുംബെെ മുൻസിപൽ കോർപറേഷൻ്റെ നേത്യത്വത്തിൽ ചേരിയിൽ ശുചീകരണപ്രവർത്തനം ആരംഭിക്കുകയും ആളുകളിലേക്ക് സ്ക്രീനിങ് വ്യാപിപ്പിക്കുകയും ചെയ്തു. ആദ്യത്തെ കൊവിഡ് കേസ് സ്ഥിരീകരിച്ചത് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ 12 കേസുകൾ ധാരാവിയിൽ റിപ്പോർട്ട് ചെയ്തു. ജൂൺ മാസമായതോടെ ദിവസവും 18 കേസുകൾ വീതം ധാരാവിയിൽ റിപ്പോർട്ട് ചെയ്തു. ജൂൺ ഒന്നിനാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 34 കേസുകൾ. ജൂൺ 9ന് ധാരാവിൽ കൊവിഡ് കേസുകൾ 2,347 ആയി. ജൂലെെ ആയതോടെ ധാരാവിയിലെ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു. 

ഇപ്പോൾ ധാരാവിയിൽ 166 പേർ മാത്രമാണ് ചികിത്സയിലുള്ളത്. 1,815 പേർക്ക് രോഗം ഭേദമായി. 8 ലക്ഷം പേർ താമസിക്കുന്ന ധാരാവിയിൽ 6 ലക്ഷം പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇത്രയും ജനസാന്ദ്രതയേറിയ ചേരിപ്രദേശത്തെ കൊവിഡ് നിയന്ത്രണ വിധേയമാക്കിയിട്ടും മുംബെെയിലും മഹാരാഷ്ട്രയിലെ മറ്റ് ജില്ലകളിലും കൊവിഡ് കേസുകൾ കുത്തനെ വർധിക്കുകയാണ്. 

content highlights: Dharavi fights back against Covid-19 pandemic