പൂന്തുറയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ക്വിക്ക് റെസ്പോൺസ് ടീമിന് രൂപം നൽകിയതായി ജില്ലാ കളക്ടർ ഡോ നവജ്യോത് ഖോസ അറിയിച്ചു. തഹസിൽദാറിൻ്റേയും ഇൻസിഡൻ്റ് കമാൻഡരുടേയും നേതൃത്വത്തിൽ റവന്യൂ പൊലീസ്- ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ക്വിക്ക് റെസ്പോൺസ് ടീം സജ്ജമാക്കിയിരിക്കുന്നത്.
സംഘം 24 മണിക്കൂറും പ്രവർത്തിക്കുമെന്നും പൊലീസ്- ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സംഘത്തിനൊപ്പം 24 മണിക്കൂറും ഉണ്ടായിരിക്കുമെന്നും കളക്ടർ അറിയിച്ചു. പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ആവശ്യമായ ജീവനക്കാരേയും ആംബുലൻസ് അടക്കമുള്ള എല്ലാ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ് സോണിലേക്കുള്ള ചരക്ക് വാഹന നീക്കം, വെള്ളം, വെെദ്യുതി തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും സംഘം നിരീക്ഷിക്കും.
പ്രദേശത്തുള്ള ആശുപത്രികൾ ഒരു കാരണവശാലും ചികിത്സ നിഷേധിക്കാൻ പാടില്ലെന്നും കൊവിഡ് ലക്ഷണമുള്ള രോഗികളെത്തിയാൽ അവരെ സ്ക്രീനിങ്ങിന് വിധേയരാക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. മൊബെെൽ മാവേലി സ്റ്റോർ, എടിഎം എന്നിവ രാവിലെ പത്തുമണി മുതൽ അഞ്ചുവരെ പ്രവർത്തിക്കാം. ഈ പ്രദേശങ്ങളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ പൊലീസ് സുരക്ഷ നൽകാൻ പൊലീസ് മേധാവിയ്ക്ക് നിർദേശം നൽകിയെന്നും കളക്ടർ വ്യക്തമാക്കി.
content highlights: quick response team arranged for covid-19 prevention in Poonthura