സാഹചര്യം മോശം; തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: ഒരാഴ്ച്ചക്കിടെ ഏറ്റവുമധികം സമ്പര്‍ക്ക രോഗബാധ സ്ഥിരീകരിച്ച തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി. രോഗബാധ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് ലോക്ക്ഡൗണ്‍ ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടാന്‍ കാരണം. രോഗബാധ വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ആഴ്ച്ചയാണ് തലസ്ഥാന നഗരിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

തിരുവനന്തപുരത്തെ പൂന്തുറയില്‍ കൊവിഡിന്റെ സൂ്പപര്‍ സ്‌പ്രെഡ് ആരംഭിച്ചെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ഇവിടെ സമൂഹ വ്യാപനമില്ലെന്നും പിണറായി പറഞ്ഞു. വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് മാത്രം 129 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. ഇതില്‍ 122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റ് 17 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല.

ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രണ്ടാമത്തെ ജില്ലയാണ് നിലവില്‍ തിരുവനന്തപുരം. ജില്ലയില്‍ ഇന്നലെ ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: Thiruvananthapuram extends triple lock down to another one week