പട്‌ന എയിംസ് കൊവിഡ് വാക്‌സിന്‍; മനുഷ്യരില്‍ ഇന്നു മുതല്‍ പരീക്ഷണം

പട്‌ന: പട്‌ന എയിംസില്‍ നിര്‍മ്മിച്ച കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഇന്ന് മുതല്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി പട്‌ന ഓള്‍ ഇന്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. മരുന്നു പരീക്ഷണത്തിന് തയാറെന്ന് കാണിച്ച് നിരവധി പേര്‍ എയിംസുമായി ബന്ധപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. 18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള 18 വോളണ്ടിയര്‍മാരിലാണ് ആദ്യ ഘട്ട പരീക്ഷണം നടത്താന്‍ തീരുമാനം.

കൊവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് തെരഞ്ഞെടുത്ത 12 സ്ഥാപനങ്ങളില്‍ ഒന്ന് പട്‌നയിലെ എയിംസാണ്. വൈദ്യ പരിശോധനക്ക് വിധേയരാക്കി പരിശോധനാ ഫലം ലഭിച്ച ശേഷമാണ് ഇവര്‍ക്ക് മരുന്ന് നല്‍കുക. പരിശോധനാ ഫലത്തില്‍ കുഴപ്പങ്ങളൊന്നുമില്ലാത്തവര്‍ക്ക് ആദ്യ ഡോസ് മരുന്ന് നല്‍കും.

ട്രയലിന്റെ ഭാഗമായി ഒരാള്‍ക്ക്് മൂന്ന് ഡോസ് മരുന്നാണ് നല്‍കുക. ആദ്യ ഡോസ് നല്‍കി 2-3 മണിക്കൂര്‍ ഇവരെ ഡോക്ടറുടെ നിരീക്ഷണത്തില്‍ ഇരുത്തിയ ശേഷം വീട്ടിലേക്ക് അയക്കും. ലോകത്ത് ഇതേ വരെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ദൗത്യം വിജയിച്ചാല്‍ ലോകത്താകമാനം ആശ്വസിക്കാനാവും.

Content Highlight: Patna AIIMS to start human trial of coronavirus vaccine on 18 volunteers from today