എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കൊവിഡ്; ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗ വ്യാപനം രൂക്ഷം

എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിലെ സെെകാട്രി വിഭാഗം ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ അദ്ദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടറുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഡോക്ടർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

അതേസമയം ജില്ലയിൽ സമ്പർക്കം മൂലമുള്ള രോഗ വ്യാപനം വർധിക്കുകയാണ്. നേരത്തെ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ചെല്ലാനം സ്വദേശിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആശുപത്രിയിലെ രണ്ട് വാർഡുകൾ അടയ്ക്കുകയും 72 ഓളം ജീവനക്കാരേയും നഴ്സുമാരേയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഹൃദ്രോഗവുമായി ചികിത്സ തേടിയ ഒരാൾക്ക് കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് കാർഡിയാക് ഐസിയുവും പുരുഷൻമാരുടെ ജനറൽ വാർഡും ക്വാറൻ്റീൻ ആക്കിയിരുന്നു.  ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരേയും നിരീക്ഷണത്തിൽ വിട്ടിട്ടുണ്ട്. 

content highlights: doctor in Ernakulam general hospital confirmed covid 19