കൊവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്ക് റിസ്‌ക് അലവന്‍സ് അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ഗ്രൂപ്പ് ഡി ജീവനക്കാര്‍ക്ക് റിസ്‌ക് അലവന്‍സ് അനുവദിച്ച് കര്‍ണാടക ആരോഗ്യ വിഭാഗം. ജീവനക്കാരുടെ ശമ്പളത്തോടൊപ്പം 10,000 രൂപ ആറു മാസത്തേക്ക് നല്‍കാനാണ് ധാരണ. കൊവിഡ് കെയര്‍ കേന്ദ്രങ്ങളിലും, സാമ്പിള്‍ പരിശോധന വിഭാഗത്തിലും, പനി ക്ലിനിക്കുകളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാരും ഇതിന് അര്‍ഹരാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ദിനംപ്രതി കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍, കൊവിഡ് കെയര്‍ കേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി സേവനം ലഭ്യമാക്കുന്നതിനായുള്ള തയാറെടുപ്പും കര്‍ണാടക ആരംഭിച്ച് കഴിഞ്ഞു. പുതിയ ക്രമത്തില്‍ ഡോക്ടര്‍, നഴ്‌സിംങ് സ്റ്റാഫ്, തുടങ്ങിയ ടീമിന് തുടര്‍ച്ചയായ പത്ത് ദിവസങ്ങളില്‍ ഡ്യൂട്ടിയും തുടര്‍ന്നുള്ള നാല് ദിവസങ്ങളില്‍ അവധിയുമായിരിക്കും.

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ കണക്കിലെടുത്ത് പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ഇവര്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയമാകാനും നിര്‍ദ്ദേശമുണ്ട്.

രാജ്യത്ത് അതിവേഗം വളരുന്ന സംസ്ഥാനമായ കര്‍ണാടകയില്‍ കൊറോണ വൈറസ് എണ്ണത്തില്‍ കുത്തനെ വര്‍ധനയുണ്ടായി. ഈ മാസത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനം ഏകദേശം 29,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിനം ശരാശരി 2,000 ത്തില്‍ കൂടുതല്‍ കേസുകളാണ് സ്ഥിരീകരിക്കുന്നത്. അതിനു ഒരാഴ്ച മുമ്പ്, ഇത് പ്രതിദിനം 350 മുതല്‍ 450 വരെ കേസുകള്‍ മാത്രമായിരുന്നു.

Content Highlight: Rs 10K risk allowance to be paid to eligible Karnataka health workers for six months