സ്വര്‍ണ്ണക്കടത്ത് കേസ്: ഐടി സെക്രട്ടറി ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ വിവാദങ്ങള്‍ വര്‍ദ്ധിച്ചതോടെ ഐടി സെക്രട്ടറി എം ശിവശങ്കരനെതിരെ നടപടിയെടുക്കാന്‍ സാധ്യത. കേസില്‍ വിവാദത്തില്‍പ്പെട്ട ശിവശങ്കരനെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് സൂചന.

ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ശിവശങ്കറിന് ജാഗ്രത കുറവുണ്ടായെന്നതാണ് കണ്ടെത്തല്‍. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ചേര്‍ന്നാണ് കേസ് അന്വേഷിച്ചത്. ഇവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ സന്ദീപ് നായരുടെ ബാഗ് തുറന്നു പരിശോധിച്ചു. എന്‍ഐഎ കോടതിയുടെ അനുമതിപ്രകാരമാണ് പരിശോധന. ബാഗ് തുറന്നു പരിശോധിക്കാന്‍ കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. സ്പെഷ്യല്‍ ജഡ്ജിയുടെ സാന്നിധ്യത്തിലാണ് ബാഗ് പരിശോധിച്ചത്. ചില നിര്‍ണായക രേഖകള്‍ ബാഗില്‍ നിന്ന് കണ്ടെത്തിയതായാണ് വിവരം.

കൂടാതെ, യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മി ഇന്ത്യ വിട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇയുടെ നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസ് അന്വേഷണം തുടരുന്നതിനിടെയാണ് അറ്റാഷെ രാജ്യം വിട്ടത്. നയതന്ത്ര പരിരക്ഷയുള്ള റഷീദ് തിരുവനന്തപുരത്തുനിന്നും ഡല്‍ഹി വഴി രണ്ട് ദിവസം മുമ്പ് രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Ex-IT Secretary M Sivasankaran may suspend from service on Gold smuggling case