തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി അടക്കം 140 ജീവനക്കാര്‍ക്ക് കൊവിഡ്; ക്ഷേത്രം അടയ്ക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍

140 Tirupati temple staff members test positive for Covid-19

തിരുപ്പതി ക്ഷേത്രത്തിലെ പൂജാരി അടക്കം 140 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് വ്യപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലും ക്ഷേത്രം അടയ്ക്കില്ലെന്ന വാശിയിലാണ് തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് അധികൃതര്‍. നിലവില്‍ ക്ഷേത്രത്തിലെ 140 ജീവനക്കാര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 14 പൂജാരിമാരും ഉള്‍പ്പെടുന്നു. എന്നാൽ ആളുകള്‍ക്ക് തുടര്‍ന്നും ക്ഷേത്രം സന്ദര്‍ശിക്കാമെന്നും ക്ഷേത്രം സന്ദര്‍ശിച്ച തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി തെളിവില്ലെന്നും ചെയർമാൻ വൈ വി സുബ്ബ റെഡ്ഡി പറഞ്ഞു

അതേ സമയം ക്ഷേത്രം അടയ്ക്കില്ലെന്ന ബോര്‍ഡ് തീരുമാനത്തില്‍ പുരോഹിതര്‍ ആശങ്ക പ്രകടിപ്പിച്ചു. ഭക്തര്‍ കൂട്ടത്തോടെ എത്തുമ്പോള്‍ സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെന്നും ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കുന്നത് സമൂഹ വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയും പുരോഹിതര്‍ അറിയിച്ചു. രോഗബാധിതരില്‍ കൂടുതല്‍ പേരും ക്ഷേത്രത്തില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരാണ്.

കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ച് ക്ഷേത്രം ജൂണ്‍ പതിനൊന്നിനാണ് വീണ്ടും തുറന്നത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതിയാണ് വർധിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 35,000 ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 10,03,832 ആയി ഉയര്‍ന്നു. 25,602 ത്തിലധികം ആളുകളാണ് മരണപെട്ടത്. 3.42 ലക്ഷം പേര്‍ ചികിത്സയിലാണ്.

Content Highlights; 140 Tirupati temple staff members test positive for Covid-19