സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള കൊവിഡ് വ്യാപനം വർധിക്കുന്നതിനിടെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ നടത്തിയതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍ എം പി. തിരുവന്തപുരത്ത് സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശന പരീക്ഷക്കെത്തിയ രക്ഷിതാക്കളും വിദ്യാർത്ഥികളുെ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിൽക്കുന്നതിൻ്റെ ചിത്രം പങ്കു വെച്ചു കൊണ്ടാണ് ശശി തരൂരിൻ്റെ വിമർശനം.
കീം 2020 സാമൂഹിക അകലം പാലിക്കാനുള്ള നിയന്ത്രണങ്ങളെ പൂർണമായും പരിഹസിക്കുന്ന രീതിയിലായെന്നും കൊവിഡിനെ ഫല പ്രദമായി ചെറുക്കാൻ താൽപര്യമുള്ള ഭരണകൂടം ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കുകയായിരുന്നു വേണ്ടതെന്നും ശശി തരൂര്‍ വ്യക്തമാക്കി. പരീക്ഷ മാറ്റി വെക്കണമെന്ന് വിദ്യാർത്ഥികളും എംപിയായ താനും ആവശ്യപെട്ടത് സർക്കാർ കണക്കിലെടുത്തില്ലെന്നും ഫേസ് ബുക്ക് കുറിപ്പിലൂടെ തരൂർ വ്യക്തമാക്കി.
ഏപ്രിൽ 20 ന് നിശ്ചയിച്ച പരീക്ഷ കൊവിഡിനെ തുടർന്നാണ് ജൂലൈ 16 ലേക്ക് മാറ്റിവെച്ചത്. സാമൂഹിക അകലവും ജാഗ്രതയും പാലിച്ചായിരിക്കും പരീക്ഷ എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും പല സ്ഥലങ്ങളിലും ഇത് പാലിക്കപെട്ടിരുന്നില്ല. സാമൂഹിക വ്യാപനത്തിൻ്റെ വക്കിൽ നിൽക്കുന്ന തിരുവന്തപുരത്തും സുരക്ഷ നടപടികൾ പാലിക്കപെട്ടില്ല.
Content Highlights; shashi tharoor mp against state government