ഒമർ ലുലു ചിത്രത്തിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡിലോർ; വെളിപ്പെടുത്തി ബാബു ആൻ്റണി

Louise Mandylor acting in Babu Antony's power star

ബാബു ആൻ്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രം പവർസ്റ്റാറിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും പ്രധാന വേഷത്തിലെത്തുന്നു. ബാബു ആൻ്റണിയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. പവര്‍സ്റ്റാറിൻ്റെ പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടക്കുന്ന സമയത്തു തന്നെ ഒമര്‍ ലുലു അത്യാവശ്യം സ്റ്റാര്‍ഡവും മാര്‍ഷല്‍ ആര്‍ട്ട്‌സും വശമുള്ള ഹോളിവുഡ് ആക്ടറെ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നുവെന്നും തുടര്‍ന്നാണ് സുഹൃത്തായ ലൂയിസിനോട് ഇക്കാര്യം ചോദിച്ചതെന്നും ബാബു ആൻ്റണി തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. നായിക ഇല്ല, പാട്ടില്ല, ഇടി മാത്രം എന്ന ടാഗ് ലൈനോടെയാണ് ആക്ഷൻ ചിത്രം പവർസ്റ്റാർ ഒരുങ്ങുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം ആക്ഷൻ രംഗങ്ങളുമായെത്തുകയാണ് ബാബു ആൻ്റണി.

ബാബു ആൻ്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പവർ സ്റ്റാറിൽ എന്നോടൊപ്പം ഹോളിവുഡ്‌ സൂപ്പർ താരം Louise Mandylor ഉണ്ടായിരിക്കും.

പവർസ്റ്റാറിന്റെ പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്ന സമയത്തു തന്നെ ഡയറക്‌ടർ ഒമർ ലുലു എന്നോട് പവർസ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള അത്യാവശ്യം നല്ല സ്റ്റാർഡവും മാർഷൽ ആർട്ട്സും വശമുള്ള ഹോളിവുഡ്‌ ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന് കിട്ടുമോ എന്നു ചോദിച്ചിരുന്നു. അമേരിക്കയിൽ എനിക്കറിയാവുന്ന ആക്ടേഴ്സിൽ ചിലരോട്‌ ഞാൻ ഈ കാര്യം സൂചിപ്പിച്ചിരുന്നു. കൂട്ടത്തിൽ സുഹൃത്തായ Louise Mandylor-നോടും ഞാൻ കാര്യം പറഞ്ഞു. ലൂയിസിനെ പോലുള്ള ഒരു വലിയ താരം ഓക്കേ പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ അഫോർഡ് ചെയ്യാൻ കഴിയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാൽ തന്റെ പ്രതിഫലത്തിന്റെ കാര്യത്തേക്കുറിച്ച്‌ ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്.
മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതിൽ തുറക്കാൻ പവർസ്റ്റാറിലൂടെ സാധിക്കട്ടെ. അപ്പോൾ കാത്തിരുന്നോളൂ, ‘POWER STAR’ എന്ന ഈ ആക്ഷൻ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ ഇനി Louise Mandylor-ഉം ഉണ്ടാകും.!!

content highlights: Louise Mandylor acting in Babu Antony’s power star