പൂന്തുറയിൽ സാമൂഹ്യ വ്യാപനം ഉണ്ടായതിന് പിന്നാലെ കേരളത്തിൻ്റെ കൊവിഡ് മോഡൽ വിജയ കഥ നഷ്ടമായെന്ന് വിശദീകരിച്ച് രാജ്യാന്തര മാധ്യമമായ ബിബിസി. കൊവിഡ് പ്രതിരോധത്തിൽ കേരളം കെെവരിച്ച നേട്ടങ്ങൾ ലോകമൊട്ടാകെ വാർത്തയായിരുന്നു. കൊവിഡ് വ്യാപനം തടഞ്ഞുനിര്‍ത്തുന്നതില്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ തേടി നിരവധി സംസ്ഥാനങ്ങളും രാജ്യങ്ങളും ഉൾപ്പെടെയാണ് കേരളത്തെ സമീപിച്ചത്. എന്നാൽ രണ്ടു മാസം മുൻപു വരെ വൈറസിനെ നിയന്ത്രിച്ചു നിർത്തിയിരുന്ന കേരളത്തിൽ പെട്ടെന്നാണ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായത്. പ്രവാസികളുടെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുളള മലയാളികളുടെയും മടങ്ങി വരവും ലോക്ഡൗണില്‍ ഇളവ് അനുവദിച്ചപ്പോള്‍ കൃത്യമായ മുന്‍കരുതലുകളില്ലാതെ ജനങ്ങള്‍ വീടിനു പുറത്തിറങ്ങിയതും പരിശോധന കുറഞ്ഞതുമാണ് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന് വിവിധ തലങ്ങളിലുളള പ്രമുഖരുമായുളള ചർച്ചയുടെ അടിസ്ഥാനത്തില്‍ ബിബിസി പറയുന്നു.
‘ലോക്ഡൗണ്‍ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചപ്പോൾ ജനങ്ങൾ കൂട്ടമായി കേരളത്തിലേക്കെത്തി. ഇവർക്ക് രോഗം ഉണ്ടെങ്കിലും കയറ്റാതിരിക്കാനാവില്ല. രോഗികളാണെങ്കിലും സ്വന്തം നാട്ടിലേക്കു തിരിച്ചെത്താൻ എല്ലാ പൗരന്മാർക്കും ഭരണഘടനാപരമായ അവകാശങ്ങളുണ്ട്. എന്നാൽ അതാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വ്യത്യാസമുണ്ടാക്കിയത്’. തിരുവനന്തപുരം എംപി ശശി തരൂർ ബിബിസിയോടു പറഞ്ഞു. മേയ് ആദ്യം മുതൽ പ്രവാസികളുടെ നിയന്ത്രണമില്ലാതെയുള്ള വരവ് പ്രാദേശികമായ സമൂഹവ്യാപനത്തിന് ഇടയാക്കിയെന്നാണ് വിലയിരുത്തൽ. യാത്രാ പശ്ചാത്തലം ഇല്ലാത്തവരിൽക്കൂടി രോഗം റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങി. ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട 821ൽ 640 കേസുകളും സമ്പർക്കം വഴിയാണ്. ഇതിൽ 43 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടുമില്ല.
കേസുകള്‍ കുറഞ്ഞപ്പോള്‍ പരിശോധന കുറച്ചുവെന്ന് വിദഗ്ധർ പറയുന്നു. ഈ നാളുകളില്‍ ദിവസവും 9,000 സാംപിളുകളാണ് ടെസ്റ്റ് ചെയ്യുന്നത്. ഏപ്രിലില്‍ ഇത് 663 ആയിരുന്നു. എന്നാല്‍ ജനസംഖ്യയുടെ ദശലക്ഷം കണക്കില്‍ വച്ചുനോക്കുമ്പോള്‍ കേരളത്തിലെ പരിശോധനകള്‍ കുറവാണെന്ന് വ്യക്തമാണ്. കേസുകള്‍ വളരെയധികം വര്‍ധിക്കുന്ന ആന്ധ്ര പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ വച്ചുനോക്കുമ്പോള്‍ കേരളത്തില്‍ പരിശോധന കുറവാണ്. എന്നാൽ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയെക്കാള്‍ കൂടുതല്‍ പരിശോധന കേരളം നടത്തുന്നുണ്ട്. ‘കേരളത്തിലെ പരിശോധനകൾ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതു മതിയാകില്ല. ഒരു സംസ്ഥാനവും ആവശ്യപ്പെടുന്ന മുറയ്ക്ക് പരിശോധന നടത്തിയിട്ടില്ല’. എറണാകുളം മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ വിഭാഗം തലവൻ ഡോ. എ. ഫത്താഹുദ്ദീൻ പറഞ്ഞു.
മൊത്തത്തില്‍ കേരളം മികച്ച സേനവമാണ് നടത്തിയിട്ടുള്ളതെന്നാണ് മിക്ക എപ്പിഡെമിയോളജിസ്റ്റുകളും വിശ്വസിക്കുന്നത്. പോസിറ്റീവ് ആകുന്നവരുടെ എണ്ണം നോക്കുമ്പോള്‍ കേരളത്തിലെ മരണനിരക്ക് കുറവാണ്. ഇന്ത്യയിലെ ഏറ്റവും കുറവ് മരണനിരക്ക് കേരളത്തിലാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച പൊജുജനാരോഗ്യ സംവിധാനം കേരളത്തിനാണുള്ളത്. ആശുപത്രികളില്‍ രോഗികളുടെ തള്ളിക്കയറ്റമില്ല.
കര്‍വ് ഫ്‌ലാറ്റന്‍ ചെയ്യുക എന്നത് ദീര്‍ഘനാളെടുത്തും പരിശ്രമിച്ചും ചെയ്യേണ്ട ജോലിയാണ്. ‘കൊവിഡിനെ നേരിടുക എന്നാല്‍ ട്രെഡ് മില്ലില്‍ സ്പീഡ് കൂട്ടി ഓടുന്നതുപോലെയാണ്. വൈറസിനെ മെരുക്കാന്‍ വളരെ വേഗത്തില്‍ ഓടണം. അതു ശ്രമകരമാണ്. പക്ഷേ വേറേ വഴിയില്ല, ഇതു സഹിഷ്ണുതയെ പരീക്ഷിക്കും’. വെല്ലൂര്‍ സിഎംസിയിലെ വൈറോളജി വിഭാഗം മുന്‍ പ്രഫസര്‍ ടി. ജേക്കബ് ജോണ്‍ പറയുന്നു.
content highlights: India coronavirus: How Kerala’s Covid ‘success story’ came undone