സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. കാസര്‍കോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയ (56) എന്നിവരാണ് മരിച്ചത്. ഇന്നലെ മരിച്ച കരുനാഗപ്പള്ളി കുലശേഖര പുരം സ്വദേശി റെയ്ഹാനത്ത് (55) നും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 47 ആയി.
പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഹൈറുന്നീസ. രണ്ടു ദിവസം മുമ്പാണ് ഹൈറുന്നീസക്ക് രോഗം സ്ഥിരീകരിച്ചത്. കടുത്ത ന്യൂമോണിയ ബാധിച്ച ഹൈറുന്നീസ വെൻ്റിലേറ്ററിലിരിക്കെയാണ് മരിക്കുന്നത്. കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാണ് ഹൈറനുസയുടെത്. ഇവരുടെ ഉറവിടം വ്യക്തമല്ല.
പനി ലക്ഷണങ്ങളോടെ 20-നാണ് കല്ലായി സ്വദേശി കോയയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്ന കോയ ഇന്ന് രാവിലെയാണ് മരിച്ചത്. ഇവരുടെ ഉറവിടം സംബന്ധിച്ചും വ്യക്തതയില്ല.
കരുനാഗപ്പള്ളി സ്വദേശിയായ റെയ്ഹാനത്ത് ചൊവ്വാഴ്ച രാവിലെയാണ് കുഴഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിച്ച റെയ്ഹാനത്ത് അവിടെ വെച്ച് മരിക്കുകയായിരുന്നു. ട്രൂനാറ്റ് പരിശോധനയിലൂടെയാണ് റെയ്ഹാനത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതിൽ മകൻ്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.
content highlights: Three more deaths in Kerala