കേരളത്തിലെ കൊവിഡ് കേസുകൾ വർധിച്ചതോടെ നാട്ടിലേക്ക് തിരികെ വരാൻ മടിച്ച് പ്രവാസികൾ. ഇതോടെ വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിലെ തിരക്കൊഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിന് പുറമെ ഇനി എന്ന് തിരികെ എത്താനാകും എന്ന ആശങ്കയും ഭീതിയുമാണ് മറ്റൊരു കാരണം. ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തിരിക്കുകയാണിപ്പോൾ.
പല വിമാനങ്ങളും ആളുകളില്ലാത്തതിനാൽ റദ്ധാക്കുകയാണ്. യുഎഇയിലാണ് പ്രധാനമായും വിമാനങ്ങളിൽ യാത്രക്കാർ കുറഞ്ഞത്. ആഴ്ചയിൽ രണ്ടോ മൂന്നോ സർവീസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. പഴയ തിരക്കൊഴിഞ്ഞതോടെ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഉണ്ടായിരുന്ന വന്ദേഭാരത് ഹെല്‍പ്പ് ഡെസ്ക്കുകളും തല്ക്കാലം നിര്‍ത്തലാക്കി. കോണ്‍സുലേറ്റ് ജീവനക്കാർ നേരിട്ടാണ് ഇപ്പോൾ യാത്രക്കാർക്ക് വേണ്ട സൌകര്യങ്ങളെല്ലാം ചെയ്തു കൊടുക്കുന്നത്. എന്നാൽ വന്ദേ ഭാരത് വിമാനങ്ങളിലെ മുഴുവൻ സീറ്റുകളും നിറഞ്ഞാണ് പറക്കുന്നതെന്ന് എയര്‍ ഇന്ത്യ അവകാശപ്പെട്ടു
യു.എ.ഇയില്‍ ഒരോ ദിവസവും 1000 ത്തിലധികം ആളുകൾക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ നിലവില്‍ സ്ഥിതി മാറി 200 ലേക്ക് താഴ്ന്നിരിക്കുകയാണ്. രോഗം സുഖപെടുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. പൊതു ഗതാഗത സംവിധാനങ്ങളും തിയറ്ററുകൾ ഉൾപെടെയുള്ളവയെല്ലാം രാജ്യത്ത് സജീവമായി പ്രവർത്തിച്ചു തുടങ്ങി. സർക്കാർ പൊതു മേഖല സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിച്ചു. കൊവിഡ് മരണ സംഖ്യയിലും കുറവുണ്ട്. അഞ്ച് ലക്ഷത്തിലേറെ ആളുകളാണ് യുഎഇയിൽ നിന്നും തിരികെ നാട്ടിലേക്ക് മടങ്ങാൻ കോണ്‍സുലേറ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നത്. രണ്ട് ലക്ഷത്തിലധികം ആളുകൾ ഇതിനോടകം മടങ്ങി. ഖത്തറിൽ നിന്നും വന്ദേഭാരത് വിമാനങ്ങൾ മാത്രമാണ് ഇന്ത്യയിലേക്കുള്ളത്.
Content Highlights; corona virus pravasi return gulf is safe and kerala is worried