ലോകത്ത് കൊവിഡ് രോഗികള്‍ 1 കോടി 53 ലക്ഷം കടന്നു; അമേരിക്കയിലും ബ്രസീലിലും ഒരു ദിവസത്തെ മരണ നിരക്ക് 1000 കവിഞ്ഞു

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,53,52,000 കവിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 66,853 പേര്‍ക്കും, ബ്രസീലില്‍ 65,339 പേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

അമേരിക്കയിലും ബ്രസീലിലും ഇന്നലെ മാത്രം ആയിരത്തിലധികം കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണിന് ശേഷം ഇതാദ്യമായാണ് അമേരിക്കയിലെ പ്രതിദിന മരണം ആയിരം കടക്കുന്നത്.

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് പന്ത്രണ്ട് ലക്ഷം കടക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതര്‍ പന്ത്രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിന് മുകളിലെത്തി. മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്.

പ്രതിദിന രോഗബാധ മഹാരാഷ്ട്രയില്‍ പതിനായിരവും ആന്ധ്രപ്രദേശില്‍ ആറായിരവും തമിഴ്‌നാട്ടില്‍ അയ്യായിരവും കടന്നു. ആകെ രോഗികള്‍ എഴുപത്തി അയ്യായിരം കടന്ന കര്‍ണ്ണാടകത്തില്‍ മരണം ആയിരത്തി അഞ്ഞൂറ് പിന്നിട്ടു.

Content Highlight: Covid Cases around World 1.5 Crores