ചങ്ങനാശേരിയില്‍ തിങ്കളാഴ്ച്ച മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോട്ടയത്ത് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മക്കാണ് (82) മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട കവിയൂരില്‍ മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഇവര്‍. ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍, വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം ബുധനാഴ്ച രാത്രിയില്‍ തിരുവല്ല നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിച്ചു. തങ്കമ്മയുടെ മകളെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവിഭാഗം അറിയിച്ചു.

കൂടാതെ, കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരുന്നയാളുടെ മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ (70)യാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെല്ലാം നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മുഹമ്മദ് കോയ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണകാരണം കോവിഡ് ആണോ എന്ന കാര്യം വ്യക്തമായിട്ടില്ല.

Content Highlight: Covid test positive on those who dies on Monday in Kottayam