2021 തുടക്കത്തില്‍ കൊവിഡ്-19 വാക്‌സിനുകള്‍ പ്രതീക്ഷിക്കാനാവില്ല: ലോകാരോഗ്യ സംഘടന

ജനീവ: ആഗോള തലത്തില്‍ എണ്ണത്തില്‍ കുറവില്ലാതെ കൊവിഡ് രോഗികള്‍ ഉയരുന്ന സാഹചര്യത്തില്‍ മത്സര ബുദ്ധിയോടെ വാക്‌സിന്‍ കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങള്‍. പല രാജ്യങ്ങളും മരുന്നിന്റെ മൂന്നാം ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും 2021 തുടക്കത്തോടെ കൊവിഡ് വാക്‌സിനുകള്‍ ലഭ്യമായി തുടങ്ങില്ലെന്ന് ലോകാരോഗ്യ സംഘടന.

ഫലപ്രദമായൊരു വാക്‌സിന് വേണ്ടി ലോകാരോഗ്യ സംഘടനയും ശ്രമിക്കുകയാണെന്നും, ഈ അവസരത്തില്‍ രോഗ വ്യാപനം തടയുന്നതിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്നും ലോകാരോഗ്യ സംഘടന എമര്‍ജന്‍സി പ്രോഗ്രാം മേധാവി മൈക്ക് റെയാന്‍ അറിയിച്ചു. ആഗോള തലത്തിലെ കൊവിഡ് കേസുകള്‍ റെക്കോഡുകള്‍ ഭേദിക്കുന്നതിലേക്ക് എത്താറായെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കുകയാണെങ്കില്‍ ഫൈസര്‍ ഇങ്കും ജര്‍മ്മന്‍ ബയോടെക് ബയോ ടെക്കും വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ് -19 വാക്‌സിന്‍ 100 ദശലക്ഷം ഡോസ് വാങ്ങാന്‍ യുഎസ് സര്‍ക്കാര്‍ 1.95 ബില്യണ്‍ ഡോളര്‍ നല്‍കുമെന്ന് കമ്പനികള്‍ അറിയിച്ചു.

കൊവിഡിന്റെ സാമൂഹ്യ വ്യാപനം നിയന്ത്രണ വിധേയമാകുന്നതുവരെ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും റയാന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് ഭീതി തുടരുന്നതിനിടയിലും സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Content Highlight: Don’t Expect First COVID-19 Vaccinations Until Early 2021: WHO Expert