കേരളത്തിലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തീരുമാനം തിങ്കളാഴ്ച്ച; നിയമസഭാ സമ്മേളനം മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ആയിരം പിന്നിട്ട് കുതിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കണമോയെന്ന് തിങ്കളാഴ്ച തീരുമാനിക്കും. തിങ്കളാഴ്ച ചേരാന്‍ നിശ്ചയിച്ചിരുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനം മാറ്റാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു.

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നിയമസഭ സമ്മേളനം മാറ്റുന്നത്. എം.എല്‍.എമാര്‍ റെഡ് സോണുകളില്‍ നിന്നടക്കമാണ് എത്തേണ്ടത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പുനരാലോചന. പ്രതിപക്ഷ നേതാവുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം ആലോചിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തുകേസിലെ ആരോപണങ്ങള്‍ ഉയര്‍ത്തി സര്‍ക്കാറിനെതിരെ നിയമസഭയില്‍ ആഞ്ഞടിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിരുന്നു. ഇതിനായി അവശ്വാസ പ്രമേയം നല്‍കുകയും ചെയ്തു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെയും പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍്‌നനാണ് നിയമസഭ സമ്മേളനം മാറ്റാനുള്ള തീരുമാനമെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷം എതിര്‍പ്പ് അറിയിച്ചിരുന്നു.

കോവിഡ് പ്രതിരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ 24ന് വൈകുന്നേരം മൂന്നു മണിക്കാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. കോവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണമാണ് മുഖ്യ അജണ്ട. സര്‍ക്കാറിനെതിരായ സമരങ്ങളും ഇതില്‍ വിഷയമാകും. സമരങ്ങള്‍ ജൂലൈ അവസാനം വരെ ഹൈകോടതി തടഞ്ഞിട്ടുണ്ട്.

Content Highlight: Kerala’s Lock down decision will discuss by Monday, assembly session suspended