സംസ്ഥാനത്ത് ഇന്ന് മാത്രം 3 കൊവിഡ് മരണങ്ങൾ; തൃക്കാക്കരയിൽ മരിച്ച ആൾക്കും കൊവിഡ്

Three more covid deaths in Kerala

ഇന്ന് രാവിലെ മരിച്ച തൃക്കാക്കര കരുണാലയം അന്തേവാസിയായ ആനി ആൻ്റണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കൊവിഡ് തീവ്ര വ്യാപന സാഹചര്യത്തെ തുടർന്ന് ആലുവ നഗരസഭയിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലും ഏർപ്പെടുത്തിയ കർഫ്യൂ തുടരുകയാണ്.

ആലുവ ക്ലസ്റ്ററിലാണ് ഏറ്റവുമധികം രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആലുവ ക്ലസ്റ്ററിൽ 45 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ആലുവ കൊവിഡ് ക്ലോസ്ഡ് ക്ലസ്റ്ററായ തൃക്കാക്കര നഗരസഭയിൽ മാത്രം 55 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 34 പേർ കരുണാലയത്തിലെ അന്തേവാസികളാണ്. എറണാകുളം ജില്ലയിൽ 6 പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിലുളള 15 പൊലീസുകാർ ഇപ്പോൾ നിരീക്ഷണത്തിലാണ്. എറണാകുളം മാർക്കറ്റുകളിൽ ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 

content highlights: Three more covid deaths in Kerala