‘കൃത്യമായ രോഗ നിയന്ത്രണം, ശരിയായ ആസൂത്രണം’; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് നിയന്ത്രണത്തില്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ രോഗബാധയുള്ള ആന്ധ്രാപ്രദേശ്, ബീഹാര്‍, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാള്‍, അസം, കര്‍ണാടക, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

മഹാമാരിയില്‍ നിന്നും പഠിച്ച പാഠങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, കൃത്യമായ രോഗ നിയന്ത്രണം, ശരിയായ ആസൂത്രണം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകള്‍ നികത്തുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. കൊവിഡ് കേസുകളുടെ വര്‍ദ്ധനവ് ആരോഗ്യ രംഗത്തെ ക്ഷീണത്തിലാക്കുമെന്നും അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ വിശ്രമം അനുവദിച്ച് ജോലി ഭാരം കുറക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. വിരമിച്ച ഡോക്ടര്‍മാര്‍, അവസാന വര്‍ഷ എം.ബി.ബി.എസ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെയും സേവനം സംസ്ഥാനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള നിർ‌ദ്ദേശവും കേന്ദ്രം നല്‍കി.

സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറി മറിയാമെന്ന് കേരളം, ഗോവ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതിനാല്‍ ശക്തമായ നടപടികളും ഉറച്ച സമീപനങ്ങളും സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്നും കേന്ദ്രം പറഞ്ഞു. കൂടാതെ, പൊതുജനവുമായി ഫലപ്രദമായ ആശയവിനിമയം നടക്കുന്നതിന് ഒരു സംവിധാനം ഉണ്ടാക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

Content Highlight: Center directs states with 6 points to control Pandemic