സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കും മാർഗനിർദേശങ്ങളും പുറത്തിറക്കി സർക്കാർ

guidelines for covid treatment in private hospitals have implemented in Kerala

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് പുറത്തിറക്കി. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാ നിരക്കാണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. ചികിത്സയ്ക്കുള്ള മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 

കൊവിഡ് ഉള്‍പ്പെടെയുള്ള ഏതൊരു ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും രോഗിയുടെ ഇഷ്ടപ്രകാരം സര്‍ക്കാര്‍ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ ചികിത്സ തേടാവുന്നതാണ്. സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി സ്വകാര്യ മേഖലയിലെ പരിശോധനാ സംവിധാനങ്ങളും വിപുലീകരിച്ചിട്ടുണ്ട്. കൊവിഡ് ചികിത്സയ്ക്കായുള്ള പരിശീലനങ്ങളും സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ എല്ലാ ജില്ലകളിലും പൂര്‍ത്തിയായെന്നും ആരോഗ്യമന്ത്രി കെ കെ ഷെെലജ അറിയിച്ചു. ചികിത്സാ പ്രോട്ടോകോള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പിൻ്റെ വെബ് സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്

ജനറല്‍ വാര്‍ഡ് 2300 രൂപ, എച്ച്ഡിയു 3300 രൂപ, ഐസിയൂ 6500 രൂപ, ഐസിയൂ വെൻ്റിലേറ്റര്‍ ഉപയോഗിക്കുകയാണെങ്കില്‍ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകള്‍. ഇതിന് പുറമേ പിപിഇ കിറ്റിനുള്ള ചാർജും ഈടാക്കുന്നതാണ്. ആര്‍ടിപിസിആര്‍ ഓപ്പണ്‍ 2750 രൂപ, ആൻ്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് ടു) 1500 രൂപ തുടങ്ങിയ സര്‍ക്കാര്‍ നിരക്കില്‍ വിവിധ കൊവിഡ് പരിശോധനകള്‍ തെരെഞ്ഞെടുക്കപ്പെട്ട അംഗീകൃത സ്വകാര്യ ആശുപത്രികളിലെ/ സ്വകാര്യ ലാബുകളില്‍ ചെയ്യാവുന്നതാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കൊവിഡ് ചികിത്സ ചെലവ് പൂര്‍ണമായും സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഹിക്കുന്നതാണ്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ സംവിധാനം റഫര്‍ ചെയ്യുന്ന കൊവിഡ് രോഗികളുടെ ചികിത്സ ചെലവ് കേരള സർക്കാർ വഹിക്കുന്നതാണെന്നും മന്ത്രി കെ. കെ ഷെെലജ അറിയിച്ചു. 

content highlights: guidelines for covid treatment in private hospitals have implemented in Kerala