സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് മാത്രം അഞ്ചു പേരാണ് വിവിധ ജില്ലകളിലായി കൊവിഡിനെ തുടർന്ന് മരിച്ചത്. കോഴിക്കോട് സ്വദേശി ഷാഹിദ, കോട്ടയം സ്വദേശി യൗസേഫ് ജോർജ്, മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ, കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ, ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗ്ഗീസ് പളളൻ എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ജില്ലയിൽ അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഷാഹിദയുടെ (57) പരിശോധനാ ഫലം പോസിറ്റീവാണ്. കൂടാതെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച ചുങ്കം സ്വദേശി നടുമാലിൽ ഔസേഫ് ജോർജിനും (83) കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമാണിത്.
രാവിലെ മലപ്പുറം, കാസർഗോഡ്, തൃശൂർ എന്നിവിടങ്ങളിൽ ഓരോരുത്തർ വീതം മരിച്ചിരുന്നു. നേരത്തേ കൊവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകളാണ് കോഴിക്കോട് സ്വദേശി ഷാഹിദ. ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗ്ഗീസിന് ജൂലൈ 18നാണ് കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിൽ കൊറിയർ സ്ഥാപനം നടത്തുകയായിരുന്നു ഇദ്ദേഹം. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന വർഗ്ഗീസ് ഇന്ന് രാവിലെയാണ് മരിച്ചത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ മരിച്ചത്. പ്ലാസ്മ തെറാപ്പിയടക്കം അബ്ദുൾ ഖാദറിന് നൽകിയിരുന്നെങ്കിലും മരണപെടുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച കാസർകോട് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാനാണ് കൊവിഡ് സ്ഥിരീകരിച്ച സ്ഥിരീകരിച്ച മറ്റൊരാൾ. ഇതോടെ കാസർകോട് ജില്ലയിൽ മാത്രം ഇതുവരെ അഞ്ച് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Content Highlights; today five covid death in kerala