ചൈനീസ് ആപ്പ് നിരോധനത്തിൽ മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് രംഗത്ത്. പബ്ജി നിരോധിച്ചാൽ യുവാക്കൾ തൊഴിലെവിടെയെന്ന് ചോദിക്കുമെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ് മോദി സർക്കാർ ഈ ഓൺലൈൻ ഗെയിം നിരോധിക്കാത്തതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി പറഞ്ഞു. സർക്കാർ 47 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് വക്താവിന്റെ പ്രതികരണം.
മോദിജിക്ക് ശരിക്കും പബ്ജി നിരോധിക്കണമെന്നുണ്ട്. പക്ഷെ യുവാക്കൾക്ക് അവരുടെ ഫാൻ്റസിയുടേതായ ലോകം നഷ്ടപെട്ടാൽ യഥാർത്ഥ ലോകത്തേക്ക് അവർ തിരികെയെത്തി തൊഴിൽ എവിടെ എന്ന് ചോദിക്കും. അത് പ്രശ്നമാണെന്നുമാണ് അഭിഷേക് മനു സിങ്വി ട്വിറ്ററിൽ കുറിച്ചത്.
ഇന്ത്യ – ചൈന സംഘർഷത്തിനിടെയാണ് ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധിത ആപ്പുകളുടെ 47 ക്ലോൺ പതിപ്പുകൾ കൂടി കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ക്ലോൺ പതിപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമായ സാഹചര്യത്തിലായിരുന്നു നടപടി. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വീഡിയോ ഗെയിമായ പബ്ജിയും ലുഡോ വേൾഡും ഉൾപെടെ 275 ലധികം ചൈനീസ് ആപ്പുകളാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നിരോധിക്കാനൊരുങ്ങുന്നത്.
Content Highlights; Modi govt wanted to ban PUBG, but realised youth will then ask for jobs: Congress