ഇന്റര്‍നെറ്റില്ല; ലൗഡ് സ്പീക്കറിലൂടെ അധ്യയനം നടത്തി ഒരു ഗ്രാമം

ആഗോള തലത്തില്‍ പടര്‍ന്ന് പിടിച്ച കൊവിഡ് മഹാമാരി ജനജീവിതത്തെ രൂക്ഷമായി തന്നെ ബാധിച്ചു. ഇതേവരെ കണ്ടും കേട്ടും ശീലമില്ലാത്ത മാസ്‌ക് ധരിക്കലും, സാമൂഹിക അകലവും, വീട്ടിലിരുന്നുള്ള ജോലിയും, പഠനവുമെല്ലാം കഴിഞ്ഞ അഞ്ചോളം മാസങ്ങള്‍ നമ്മെ പഠിപ്പിച്ച് കഴിഞ്ഞു. മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളില്‍ ഈ സാഹചര്യങ്ങള്‍ പലതരം മാറ്റങ്ങള്‍ കൊണ്ടു വന്നേക്കാമെന്ന് പഠനങ്ങള്‍ പോലും പറയുന്നു.

അധ്യാപകരുടെയും, കൂട്ടുകാരുടെയും സാമീപ്യമോ സൗഹൃദമോ ഇല്ലാതെ ഒരു കമ്പ്യൂട്ടറിന്റെയോ, ഫോണിന്റെയോ മുന്നിലിരുന്ന് പാഠങ്ങള്‍ പഠിക്കേണ്ടി വന്നു. ഇത്തരം സൗകര്യങ്ങളില്ലാത്ത കുട്ടികളാവട്ടെ, പഠനം പോലും മുടങ്ങിയ അവസ്ഥയില്‍ നില്‍ക്കുന്നു. ഇങ്ങനെ ഒരു സാഹചര്യത്തിലും വിദ്യാഭ്യാസത്തിന്റെ മഹത്വം മനസ്സിലാക്കി, അവരുടെ പഠനം മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോവുകയാണ് ഛത്തീസ്ഗഡിലെ ബസ്താര്‍ ജില്ലയിലെ ഒരു ഗ്രാമം. സാങ്കേതിക വിദ്യകള്‍ തിരിഞ്ഞ് നോക്കാത്ത ഭട്പാല്‍ ഗ്രാമത്തില്‍ കുട്ടികള്‍ കൊവിഡ് കാലത്ത് പഠിക്കുന്നത് ലൗഡ് സ്പീക്കറില്‍ കൂടി കേട്ടാണ്.

Classes on loudspeaker: Jharkhand teacher beats odds of online ...

രാവിലെ എട്ട് മണിക്ക് കുട്ടികളെല്ലാം ഒരു വീട്ടില്‍ ഒത്തുകൂടും. അവരുടെ പ്രാദേശിക ഭാഷയില്‍ ലൗഡ് സ്പീക്കറിലൂടെ ടീച്ചര്‍ ഇംഗ്ലീഷ് പഠിപ്പിക്കും. കുട്ടികള്‍ ശ്രദ്ധിച്ചിരുന്ന് കേട്ട് പഠിക്കും… ഇതാണ് ഭട്പാലിലെ ഓണ്‍ലൈന്‍ പഠനം.

ഗ്രാമത്തിലെ 300 കുടുംബങ്ങള്‍ക്കായി 6 ഉച്ചഭാഷിണികളാണ് ഗ്രാമത്തിലൂടനീളം സ്ഥാപിച്ചിട്ടുള്ളത്. ഇംഗ്ലീഷ് പഠനത്തിന് പുറമേ, പോഷകാഹാരക്കുറവ്, അറിയിപ്പുകള്‍ എന്നിവയും ഇതേ ഉച്ചഭാഷിണിയിലൂടെയാണ് ജനങ്ങളെ അറിയിക്കുന്നതെന്ന് ഉച്ചഭാഷിണി പഠനമെന്ന ആശയം കൊണ്ടുവന്ന ഓഫീസര്‍ പറയുന്നു. ജഗദല്‍പൂരിലെ ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്ററും സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 266 കിലോമീറ്ററും മാത്രമുള്ള ഭട്പാലില്‍ കഴിഞ്ഞ ജൂണ്‍ 14 മുതല്‍ ദിവസത്തില്‍ രണ്ട് തവണ ഉച്ചഭാഷിണിയിലൂടെ ക്ലാസ്സെടുക്കും. കഥകളും സംഭാഷണങ്ങളുമൊക്കെയായി ഓരോ ക്ലാസും 90 മിനിറ്റോളം നീളും.

ഉച്ചഭാഷിണി പഞ്ചായത്ത് ഭവനില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്, റെക്കോര്‍ഡിംഗുകള്‍ ജില്ലാ ആസ്ഥാനത്ത് നിര്‍മ്മിക്കുകയും അധ്യാപകര്‍ പെന്‍ ഡ്രൈവുകളിലാക്കി ഗ്രാമത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കുടുംബത്തിലെ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലാണ് കുട്ടികള്‍ ഹോം വര്‍ക്കുകള്‍ ചെയ്യുന്നത്. ഗ്രാമത്തില്‍ എവിടെയിരുന്നാലും കേള്‍ക്കാവുന്ന രീതിയിലാണ് ഉച്ചഭാഷിണികള്‍ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് അവരവരുടെ വീടുകളിലിരുന്നും പഠനം നടത്താം.

”ഓരോ ക്ലാസ്സും തയാറാക്കുന്നതിലാണ് ബുദ്ധിമുട്ട്. ആദ്യം ഇംഗ്ലീഷ് അധ്യാപകര്‍ ഹിന്ദിയില്‍ ക്ലാസ്സെടുക്കാനുള്ള ഭാഗം എഴുതുന്നു. പിന്നീട് മറ്റൊരു ടീം ഇത് പ്രാദേശിക ഭാഷയായ ഹല്‍ബിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. വിവര്‍ത്തനം ചെയ്തവ പ്രദേശത്തെ നാടക കലാകാരന്മാരുടെ സഹായത്തോടെ ശബ്ദം നല്‍കും. ഒരു ഭാഗം പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം വേണ്ടി വരും’- അധ്യാപകന്‍

സ്‌കൂളുകള്‍ അടക്കേണ്ടി വന്നതോടെയാണ് ബദല്‍ മാര്‍ഗമെന്ന നിലയ്ക്ക് ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് പോന്നതെന്ന് ജില്ലാ കള്ക്ടര്‍ രജത് ബന്‍സാല്‍ പറയുന്നു. നിലവില്‍ ജില്ലയിലെ ഏഴ് ബ്ലോക്കുകളിലാണ് പ്രോഗ്രം പ്രവര്‍ത്തിക്കുന്നത്.

പഠനം ഉച്ചഭാഷിണിയിലൂടെ ആയതോടെ പഠിക്കുന്നത് കുട്ടികള്‍ മാത്രമല്ല, അവരുടെ മാതാപിതാക്കളും, ഗ്രാമ വാസികളുമെല്ലാം പഠനത്തിന്റെ ഭാഗമാകുന്നുണ്ട്.

Content Highlight: Schools shut, children of Bastar village get lessons via loudspeakers