കൊവിഡ് പ്രത്യേക കാലാവസ്ഥയില്‍ മാത്രം പടരുന്ന രോഗമല്ല; സാമൂഹിക അകലം നിര്‍ബന്ധമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: മറ്റ് വൈറല്‍ രോഗങ്ങള്‍ പോലെ ഏതെങ്കിലും പ്രത്യേക കാലാവസ്ഥയില്‍ മാത്രം പടരുന്ന രോഗമല്ല കൊവിഡ് 19നെന്ന് ലോകാരോഗ്യ സംഘടന. ഇത് പുതിയ തരം വൈറസാണെന്നും ഏത് ഋതുക്കളില്‍ ഇവ ശക്തിയാര്‍ജ്ജിക്കുമെന്നത് പഠന വിധേയമാക്കണമെന്നും ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥ മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.

ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ചിരിക്കുന്ന മഹാമാരി കുറയാനും കൂടാനും സാധ്യതയുണ്ട്. രോഗ വ്യാപനം കുറക്കുകയെന്നത് മാത്രമാണ് ഏക വഴിയെന്ന് മാര്‍ഗരറ്റ് പറഞ്ഞു. അമേരിക്കയില്‍ വേനല്‍കാലത്താണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും സാമൂഹിക അകല പാലനത്തില്‍ വിട്ടുവീഴ്ച്ചയുണ്ടാകരുതെന്നും അവര്‍ ചൂണ്ടികാട്ടി.

പുതിയ വൈറസ് എല്ലാ കാലാവസ്ഥകളിലും പടരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അവര്‍ പറഞ്ഞു. ശൈത്യകാലത്ത് ദക്ഷിണാര്‍ധഗോളത്തില്‍ സാധാരണ ഇന്‍ഫ്‌ളുവന്‍സ രോഗങ്ങള്‍പോലെ ഇത് വ്യാപിച്ചേക്കാമെന്ന ആശങ്കയും അവര്‍ പങ്കുവെച്ചു. സംഘടന ഇത് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ആളുകള്‍ കൂട്ടം കൂടുന്നത് കുറക്കുകയാണ് രോഗ പ്രതിരോധത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേര്‍ത്തു.

Content Highlight: Covid is not seasonal says, World Health Organisation