അതിജീവനത്തിന്റെ ‘വൈറസ്’ സിനിമകള്‍

കൊവിഡ് മഹാമാരിയില്‍ ലോകമാകെ താളം തെറ്റാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈറസ് വ്യാപനവും അതിന്റെ പ്രത്യഖാതങ്ങളും ജനങ്ങള്‍ അനുഭവിച്ച ദുരിതവും ഒട്ടേറെ രാജ്യങ്ങള്‍ സിനിമ സ്‌ക്രീനില്‍ ചിത്രീകരിച്ചിരുന്നു. ഈ സിനിമകള്‍ക്ക് ഏറ്റവുമധികം പ്രേക്ഷകരെ ലഭിച്ചത് കൊവിഡ് ലോക്ക്ഡൗണ്‍ കാലത്താണന്നതാണ് പ്രത്യേകത.

അത്തരത്തില്‍ കൊവിഡ് കാലത്ത് സൈബറിടത്ത് സജീവമായ ഹോളിവുഡ് ചിത്രമാണ് കണ്ടാജിയന്‍. കണ്ടാജിയന്‍ എന്ന ചിത്രത്തിന് 2020 ജനുവരി 24ന് മുന്‍പു വരെ പ്രതിദിനം ഓണ്‍ലൈനില്‍ നൂറോളം ഡൗണ്‍ലോഡ് മാത്രമുണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് യുഎസില്‍ കൊറോണ ബാധ സ്ഥിരീകരിച്ചതോടെ സിനിമയുടെ ഡൗണ്‍ലോഡ് 18000 എന്ന നിലയിലേക്ക് ഉയരുകയായിരുന്നു. ആമസോണ്‍ പ്രൈം, ഐ ട്യൂണ്‍സ് എന്നിവയില്‍ ട്രെന്‍ഡിങ്ങായ ഈ ചിത്രം വാര്‍ണര്‍ ബ്രോസിന്റെ പട്ടികയില്‍ ഏറ്റവുമധികം പേര്‍ കണ്ട രണ്ടാമത്തെ സിനിമ കൂടിയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. 2011ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം സംസാരിക്കുന്നത് അതിമാരകമായ എം ഇ വി1 എന്ന വൈറസിനെ കുറിച്ചാണ്. അതിമാരകമായ വൈറസ് അനിയന്ത്രിതമായി പടരുന്നതിനെ കുറിച്ചും അതിനെ യുഎസ്സിലെ മെഡിക്കല്‍ സംഘം എങ്ങനെ നേരിട്ടു എന്നതിനെ കുറിച്ചുമാണ് ചിത്രത്തിന്റെ പ്രമേയം. വൈറസ് പടരുന്നതിന്റെ ഉറവിടം വവ്വാലുകളാണെന്നും വളര്‍ത്തുപന്നികളിലൂടെയാണ് അത് മനുഷ്യരിലേക്ക് പടരുന്നതെന്നും ചിത്രം വ്യക്തമാക്കുന്നു. വ്യക്തി ശുചിത്വമില്ലായ്മ കൊണ്ടും അണുബാധ വഹിക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമായുള്ള ഇടപഴകല്‍ മൂലവുമാണ് MEV1 പകരുന്നതെന്നും ചിത്രത്തില്‍ വ്യക്തമായി എടുത്ത് പറയുന്നുണ്ട്.

മഹാമാരി കാലത്ത് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ മറ്റൊരു ചിത്രമാണ് ദ ഫ്‌ളൂ. 2013ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രം ലോക്ക്ഡൗണ്‍ കാലത്താണ് കൂടുതല്‍ ആളുകളിലെത്തിയത്. ചുമയിലാണ് ഈ സിനിമ ആരംഭിക്കുന്നത്. അനധികൃതമായി സിയോളിലേക്ക് കണ്ടെയിനറിലൂടെ നടത്തുന്ന മനുഷ്യക്കടത്ത്. ഹോങ്കോങ്ങില്‍ നിന്നും കണ്ടെയിനറിലേക്ക് ഓടിക്കയറുന്ന പലതരം മനുഷ്യര്‍. കണ്ടെയിനര്‍ പുറപ്പെടുമ്പോള്‍ ഒരു ചെറുപ്പക്കാരനും മറ്റൊരാളും ചുമയ്ക്കുന്നുണ്ട്. ഒട്ടും അസാധാരണത്വം തോന്നാത്ത ആ ചുമയില്‍ നിന്ന് രാജ്യമാകെ പടരുന്ന ഭീഷണിയായി മാറുന്ന രോഗവുമായി പുറപ്പെടുന്ന വണ്ടി. ഈ വണ്ടിക്കുള്ളില്‍ നിന്ന് മരിക്കാതെ രക്ഷപ്പെടുന്ന ഒറ്റ വ്യക്തിയില്‍ നിന്ന് നഗരം മുഴുവന്‍ രോഗത്തിന്റെ പിടിയിലാകുന്നു. മരുന്നില്ലാത്ത പകര്‍ച്ചവ്യാധിയെ ചെറുക്കാനായി ഭരണകൂടം കണ്ടെത്തുന്ന വഴി രോഗബാധിതരെയെല്ലാം കൊന്നുകളയുകയെന്നത് ആയിരുന്നു. ഭരണകൂട നടപടിയില്‍ പ്രതിഷേധിച്ച് തെരുവിലറങ്ങിയവര്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുന്നു. സിനിമയില്‍ മിറെയെന്ന പെണ്‍കുട്ടിയാണ് മുഖ്യ ആകര്‍ഷം. വൈറസ് ബാധിതയായ മിറെ പ്രതിഷേധക്കാര്‍ക്കും പട്ടാളക്കാര്‍ക്കും ഇടയില്‍ നിന്ന് സ്വന്തം അമ്മയുടെ ജീവനു വേണ്ടി നിലവിളിക്കുന്നതാണ് ചിത്രത്തിന്റെ ഉദ്വേഗജനകമനായ മുഹൂര്‍ത്തം. ഒടുവില്‍ മിറെയുടെ ശരീരത്തില്‍ രോഗത്തിനെതിരെ ആന്റിബോഡി രൂപപ്പെട്ടുവെന്ന് അതികൃതരെ ബോധ്യപ്പെടുത്തുന്നിടത്താണ് സിനിമയുടെ ക്ലൈമാക്‌സ്.

വൈറസിനെ പ്രത്യക തരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സിനിമകളില്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണ് സോംബി സിനിമകള്‍. അത്തരത്തില്‍ ഒന്നാണ് ടരെയില്‍ ടൂ ബുസാന്‍. 2016ല്‍ പുറത്തിറങ്ങിയ ദക്ഷിണ കൊറിയന്‍ ആക്ഷന്‍ ഹൊറര്‍ ചിത്രമാണ് ട്രെയിന്‍ ടു ബുസാന്‍. മഹാദുരന്തത്തിന് കാരണമായേക്കാവുന്ന സോംബി വൈറസ് ഉത്തരകൊറിയയില്‍ പടര്‍ന്ന് പിടിക്കുന്നിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. സിയോളില്‍ നിന്ന് യാത്ര തിരിയ്ക്കുന്ന ബുള്ളറ്റ് ട്രെയിനില്‍ വൈറസ് ബാധിതയായ ഒരു സ്ത്രീ കയറുന്നിടത്ത് നിന്നുമാണ് ചിത്രത്തിന്റെ കഥാഗതിയില്‍ സാരമായ മാറ്റം വരുന്നത്. ഒരു സോംബി ചിത്രമെന്നതിലുപരി പിതൃ-പുത്ര ബന്ധം, ഭാര്യാ – ഭര്‍തൃ ബന്ധം, മനുഷ്യന്റെ നിസ്സഹായവസ്ഥയില്‍ ഉണ്ടാകുന്ന സ്വാര്‍ത്ഥത തുടങ്ങിയ വൈകാരികമായ മുഹൂര്‍ത്തങ്ങളെ കെട്ടുറപ്പുള്ള ഒരു തിരക്കകഥയില്‍ ഒരുക്കിയിട്ടുണ്ടെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റ രെണ്ടാം ഭാഗമായ പെനിന്‍സുലയുടെ ടീസര്‍ ഏപ്രിലില്‍ പുറത്തിറങ്ങിയിരുന്നു.

വോള്‍ഫ്ഗാംഗ് പീറ്റേഴ്സണ്‍ സംവിധാനം ചെയ്ത 1995 ലെ അമേരിക്കന്‍ മെഡിക്കല്‍ ഡിസാസ്റ്റര്‍ ചിത്രമാണ് മഹാമാരിക്കാലത്ത് പ്രേക്ഷകര്‍ ആസ്വദിച്ച മറ്റൊരു സിനിമ. റിച്ചാര്‍ഡ് പ്രസ്റ്റണിന്റെ 1994 ലെ നോണ്‍ ഫിക്ഷന്‍ പുസ്തകമായ ദി ഹോട്ട് സോണിനെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ് ഔട്ട്‌ബ്രേക്ക് എന്ന ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രം. സൈറിലും പിന്നീട് അമേരിക്കയിലെ ഒരു ചെറിയ പട്ടണത്തിലും എബോള പോലുള്ള മോട്ടബ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിലാണ് ഈ സിനിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് പ്രധാനമായും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആര്‍മി, മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്റ്റിയസ് ഡിസീസസ്, സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, സാങ്കല്‍പ്പിക നഗരമായ സിദാര്‍ ക്രീക്ക്, കാലിഫോര്‍ണിയ എന്നിവിടങ്ങളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ സൈനിക, ഭരണകൂട തലവന്മാര്‍ എത്രത്തോളം മുന്നോട്ട് പോകുമെന്ന് ഔട്ട്‌ബ്രേക്ക് വിശദീകരിക്കുന്നു. വൈറസ് നിയന്ത്രണത്തിനായി ഒരിക്കല്‍ ഒരു ദേശം മുഴുവന്‍ ചുട്ടെരിച്ച ചരിത്രം ആവര്‍ത്തിക്കാന്‍ ഒരുങ്ങുന്നതിന് മുന്നെ തന്നെ പ്രതിരോധ മരുന്ന് കണ്ടെത്തുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്.

ലബോറട്ടറിയില്‍ വളര്‍ത്തുന്ന ചിമ്പാന്‍സിയില്‍നിന്ന് ബ്രിട്ടീഷ് ജനതയ്ക്കിടയിലേക്ക് പടര്‍ന്നുപിടിക്കുന്ന അജ്ഞാതരോഗത്തെക്കുറിച്ചാണ് 2002-ലിറങ്ങിയ 28 ഡെയ്സ് ലേറ്റര്‍ തുറന്നുകാട്ടുന്നത്. ഡാനി ബോയിലാണ് സംവിധായകന്‍. വൈറസ് പടരാന്‍ തുടങ്ങിയതോടെ പൊടുന്നനെ അവര്‍ സോംബികളെപ്പോലെ അക്രമാസക്തരാവുകയും കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിച്ച് രോഗം പരത്തുകയും ചെയ്യുന്നു. പിന്നീട് 28 ദിവസത്തിനുശേഷമുള്ള കഥയാണ് പറയുന്നത്. ഇങ്ങനെയൊരു വൈറസ് പടര്‍ന്നതൊന്നുമറിയാതെ കോമാവസ്ഥയില്‍ കിടക്കുകയായിരുന്ന ജിം എന്ന യുവാവ് ഉണരുന്നു. ജിമ്മിന്റെ കാഴ്ചയിലൂടെയാണ് പിന്നീട് കഥ പോകുന്നത്. 28 ദിവസംകൊണ്ട് തെരുവെങ്ങും ശവശരീരങ്ങളെക്കൊണ്ട് കുമിഞ്ഞു കൂടിയിട്ടുണ്ടായിരുന്നു. ഒപ്പം അങ്ങിങ്ങായി ആക്രമിച്ച് രോഗം പരത്താന്‍ നില്‍ക്കുന്ന മനുഷ്യരും. അവരില്‍നിന്ന് ജീവന്‍ രക്ഷിക്കാന്‍ ജിമ്മും ഒപ്പംകൂടിയ മറ്റുചിലരും നടത്തുന്ന ജീവന്‍മരണപോരാട്ടമാണ് പിന്നീടങ്ങോട്ട് ചിത്രത്തില്‍ കാണുന്നത്. ഓരോ നിമിഷത്തിലും ഹൊറര്‍ മൂഡ് നിലനിര്‍ത്തുന്ന സിനിമ. ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണം ലഭിച്ച സിനിമയ്ക്ക് 28 വീക്‌സ് ലേറ്റര്‍ എന്ന പേരില്‍ 2007-ല്‍ രണ്ടാംഭാഗവും പുറത്തിറങ്ങി.

കൊവിഡ് മഹാമാരിയുടെ ഭീതിയില്‍ കഴിയുന്ന നമുക്ക് ഈ ചിത്രങ്ങളുമായി ബന്ധപ്പെടുത്തി ഇപ്പോഴത്തെ സാഹചര്യങ്ങളെ കൂടുതല്‍ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കും. അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എത്രത്തോളം പാലിക്കപ്പെടേണ്ടതാണെന്നും ഈ ചിത്രങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Content Highlight: Virus based films during Lock Down