സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; പുതിയ ന്യൂനമര്‍ദത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ തുടരുന്നതില്‍ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തായി രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ പ്രവചനത്തെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

കനത്ത മഴ തുടരുന്ന തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്തും തൃശൂരും സ്തിതി ഗുരുതരമാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപ്പപെട്ടു.

കൂടാതെ, കോട്ടയം മുട്ടമ്പലത്ത് റെയില്‍വേ പാളത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ, തിരുവനന്തപുരം എറണാകുളം സ്‌പെഷ്യല്‍ ട്രെയിന്‍ ചങ്ങനാശ്ശേരിയില്‍ യാത്ര അവസാനിപ്പിച്ചു. അടുത്ത ആറ് മണിക്കൂര്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും വീശിയടിക്കാനും സാധ്യതയുണ്ട്. ജൂലൈ 28, 29, 30, 31, ഓഗസ്റ്റ് 1 തീയതികളില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

Content Highlight: Yellow alert declared on Districts of Kerala due to heavy rain