ഇന്ത്യയുള്‍പ്പെടെ ഏഴ് രാജ്യക്കാര്‍ക്ക് താത്കാലിക യാത്രാ വിലക്ക് എര്‍പ്പെടുത്തി കുവൈറ്റ്

കുവൈറ്റ് സിറ്റി: ഇന്ത്യയുള്‍പ്പെടെ ഏഴു രാജ്യക്കാര്‍ക്ക് താത്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്. കൊവിഡ് മൂലം നിര്‍ത്തിവെച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ അടുത്ത മാസം ആദ്യം മുതല്‍ പുനഃരാരംഭിക്കാനിരിക്കെയാണ് പുതിയ തീരുമാനം. നിരോധനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ഇന്ത്യക്ക് പുറമേ, ഇറാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍ എന്നിവടങ്ങളിലെ പൗരന്മാര്‍ക്കും കുവൈറ്റ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കുവൈറ്റില്‍ പ്രവേശിക്കാനോ കുവൈറ്റില്‍ നിന്ന് പുറത്തു പോകാനോ ഇവര്‍ക്ക് സാധിക്കില്ല. ഏഴ് രാജ്യങ്ങളില്‍ നിന്നൊഴികെയുള്ളവര്‍ക്ക് രാജ്യത്തേക്ക് വരുന്നതിനും പോകുന്നതിനും തടസ്സമില്ലെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ട്വീറ്റില്‍ പറയുന്നു.

ഈ താല്‍ക്കാലിക നിരോധനം അവസാനിക്കുമ്പോള്‍, ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് തിരിക്കുന്നവര്‍ പിസിആര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട ഇന്ത്യയിലെ കേന്ദ്രങ്ങളുടെ പട്ടികയും കുവൈത്ത് ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് തീയതിയില്‍നിന്ന് 96 മണിക്കൂറില്‍ (4 ദിവസം) കൂടുതല്‍ സമയപരിധി അനുവദിക്കില്ല. സര്‍ട്ടിഫിക്കറ്റ് ഇംഗ്ലിഷിലുമായിരിക്കണം.

കേരളത്തില്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീല്‍ഡ് യൂണിറ്റ് ആലപ്പുഴ, ഗവ.മെഡിക്കല്‍ കോളജ് തിരുവനന്തപുരം, മെഡിക്കല്‍ കോളജ് കോഴിക്കോട്, മെഡിക്കല്‍ കോളജ് തൃശൂര്‍, രാജീവ് ഗാന്ധി സെന്റര്‍ ഫോ ബയോടേക്‌നോളജി തിരുവനന്തപുരം, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തിരുവനന്തപുരം എന്നിവയുള്‍പ്പെടെ 53 കേന്ദ്രങ്ങള്‍ക്കാണ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അനുമതി.

Content Highlight: Kuwait banned citizens from 7 Countries including India with unknown reasons for a period