അയോധ്യ ക്ഷേത്ര നിര്‍മാണം: ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്കും 16 പൊലീസുകാര്‍ക്കും കൊവിഡ്

ലഖ്‌നൗ: അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന അയോധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജക്ക് പങ്കെടുക്കേണ്ടിയിരുന്ന പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓഗസ്റ്റ് 5 ന് ക്രമീകരിച്ചിരിക്കുന്ന ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുക്കിയിരുന്നു. സ്ഥലത്ത് പതിവായി പൂജ നടത്തിയിരുന്ന നാല് പൂജാരിമാരില്‍ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ, സുരക്ഷാ ഉദ്യോഗസ്ഥരില്‍ 16 പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിക്കിടയില്‍ ക്ഷേത്ര നിര്‍മാണത്തിന് കനത്ത സുരക്ഷയും മുന്‍ കരുതല്‍ നടപടികളും ഏര്‍പ്പെടുത്തിയിരുന്നു. രോഗം സ്ഥിരീകരിച്ചവര്‍ നിലവില്‍ ഹോം ക്വാറന്റൈനിലാണ്.

അതേസമയം, ഓഗസ്റ്റ് 15-ന് രാജ്യത്ത് നടക്കുന്ന സ്വാതന്ത്ര്യ ദിന ചടങ്ങിനോടനുബന്ധിച്ചും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് 14 ദിവസം മുന്‍കൂര്‍ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുന്നതിനാലാണ് തീരുമാനം.

Content Highlight: Priest of Ram Janmabhoomi tests corona positive