ചില പ്രത്യേക സാഹചര്യങ്ങളിൽ കൊവിഡ് 19 വായുവിലൂടെയും പകർന്നേക്കാം എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത്. അടുത്തിടെ പ്രസീദ്ധീകരിച്ച റിപ്പോർട്ടിലാണ് പ്രത്യേക സാഹചര്യങ്ങളിൽ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയുണ്ടെന്ന ആശങ്ക ലോകാരോഗ്യ സംഘടന മുന്നോട്ടു വെക്കുന്നത്. ആളുകൾ സാമൂഹിക അകലം പാലിക്കാത്ത ഇടങ്ങളായ റസ്റ്റോറൻ്റുകൾ, നിശാ പാർട്ടികൾ, ചർച്ചിലെ ക്വയർ വേദികൾ, എന്നിവടങ്ങളിൽ ഉണ്ടായിരുന്നവർക്ക് ഉണ്ടായ കൊവിഡ് ബാധ വിരൽ ചൂണ്ടുന്നത് വായുവിലൂടെ വൈറസ് രോഗം പകരുമെന്ന സാധ്യതയിലേക്കാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുമായി അടുത്തിടപഴകുന്ന ഡോക്ടർമാർ, നഴ്സ് തുടങ്ങിയവർക്കും വായുവിലൂടെ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൊറോണ വൈറസിന് വായുവിൽ 8 മുതൽ 14 മിനിറ്റ് വരെ തങ്ങി നിൽക്കാനുള്ള കഴിവുണ്ടെന്ന റിപ്പോർട്ടുകൾ ഇതിന് മുൻപ് പുറത്തു വന്നിരുന്നു. കൃത്യമായ വായു സഞ്ചാരമില്ലാത്ത അടച്ചിട്ട മുറികളിൽ രോഗണുക്കൾ സാധാരണ രീതിയിൽ കൂടുതൽ നേരം വായുവിൽ തങ്ങി നിൽക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഫെയ്സ് മാസ്കുകൾ ധരിക്കുന്നതും സുരക്ഷാ വസ്ത്രങ്ങൾ എന്നിവയ്ക്കൊപ്പം സാമൂഹിക അകലം പാലിക്കുന്നതുമാണ് രോഗവ്യാപനം തടയാനുള്ള ഏക മാർഗമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി
Content Highlights; Can coronavirus spread through air? Yes, it is possible