ബാബറി മസ്ജിദ് പൊളിച്ച കേസിലെ പ്രതി ഉമ ഭാരതിയ്ക്ക് രാമക്ഷേത്ര സിലസ്ഥാപന ചടങ്ങിലേക്ക് ക്ഷണം, അദ്വാനിയേയും ജോഷിയേയും ഒഴിവാക്കി

No invite for veteran leaders LK Advani, MM Joshi for Ayodhya event

അയോധ്യ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായി നടക്കുന്ന ഭൂമി പൂജ ചടങ്ങിലേക്ക് ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്ക് ക്ഷണമില്ല. അതേസമയം മുൻ കേന്ദ്രമന്ത്രി ഉമ ഭാരതിയേയും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങിനേയും ക്ഷണിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് അദ്വാനിയേയും ജോഷിയേയും ചടങ്ങിൽ പങ്കെടപ്പിക്കുന്നത് സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഇരുവർക്കും ക്ഷണമില്ലെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. ബാബറി മസ്ജിദ് തകർത്ത സംഭവത്തിലെ ഗൂഢാലോചന കേസിൽ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉമ ഭാരതിയും പ്രതികളാണ്.

എന്നാൽ ബാബറി മസ്ജിദ് തകർക്കാൻ ഹിന്ദു തീവ്രവാദികൾക്ക് അവസരമൊരുക്കിയ അക്കാലത്തെ യു പി മുഖ്യമന്ത്രിയായ 88 വയസായ കല്യാൺ സിംഗിന് ക്ഷണമുണ്ട്. ഉമാ ഭാരതിയ്ക്ക് 61 വയസാണ് പ്രായം. കൊവിഡ് പ്രോട്ടോകോൾ പ്രകാരം 50 വയസ് കഴിഞ്ഞവരെ പങ്കെടുപ്പിക്കാൻ പാടില്ല. രാമജന്മ ഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിൻ്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുക്കും. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല. കൊവിഡ് സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുള്ളതിനാൽ 50 വിഐപികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുകയെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. 

content highlights: No invite for veteran leaders LK Advani, MM Joshi for Ayodhya event