കൊച്ചി: അബദ്ധത്തില്‍ നാണയത്തുട്ട് വിഴുങ്ങിയ മൂന്നുവയസുകാരന് മരിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് കുട്ടി നാണയം വിഴുങ്ങിയത്. പല സര്‍ക്കാര്‍ ആശുപത്രികളിലെത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ലെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.
കുട്ടി നാണയം വിഴുങ്ങിയെന്ന് മനസിലാക്കിയ ഉടന്‍ തന്നെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഇവിടെ ശിശുരോഗവിദഗ്ധന് ഇല്ലെന്ന് പറഞ്ഞ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയച്ചുവെന്നാണ് കുടുംബം പറയുന്നത്. ഇവിടെയും സമാന കാരണം പറഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഇതിനിടെ കുട്ടിക്ക് പഴങ്ങളും വെള്ളവും കൊടുത്താല്‍ മതിയെന്നും വയറിളകിയാല്‍ നാണയം പുറത്തു പോകുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായും ഇവര്‍ പറയുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടക്കിക്കൊണ്ടു വന്ന കുട്ടിയുടെ നില രാത്രിയോടെ വഷളാവുകയായിരുന്നു. രാത്രി തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൃത്യമായ ചികിത്സ ലഭിക്കാത്തതു കൊണ്ടാണ് കുഞ്ഞ് മരിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം.
പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാകും കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക. പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ ആകും പോസ്റ്റ് മോര്‍ട്ടം എന്നാണ് സൂചന. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണകാരണം അറിയാന്‍ കഴിയൂവെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. ഇതിനിടെ കോവിഡ് പരിശോധനയ്ക്കായി കുട്ടിയുടെ സ്രവം ശേഖരിച്ചിട്ടുണ്ട്.
Content Highlight: 3 year old who accidentally swallowed coin died