ഉത്തര്‍ പ്രദേശില്‍ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു; അന്ത്യം ലഖ്നൗവിലെ ആശുപത്രിയില്‍

ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ മന്ത്രി കമല റാണി കൊവിഡ് ബാധിച്ച് മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ ഇവര്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗ ലക്ഷണം കണ്ടത്. തുടര്‍ന്ന് പരിശോധന നടത്തി കൊറോണയാണെന്ന് സ്ഥിരീകരിച്ചു. ലഖ്നൗവിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് കമല റാണി. 62കാരിയായ ഇവരെ ജൂലൈ 18നാണ് ലഖ്നൗവിലെ രാജധാനി കൊറോണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസനാളത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു.

പിന്നീട് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി ഡയറക്ടര്‍ രാധകൃഷ്ണ ധീമാന്‍ പറഞ്ഞു.

Content Highlight: Kamal Rani, minister in Yogi Adityanath cabinet, dies of Covid-19