ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം, പക്ഷേ സ്‌പോണ്‍സര്‍മാരാകാം; വിമര്‍ശനവുമായി ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിന് ചൈനീസ് സ്‌പോണ്‍സര്‍മാരെ അനുവദിച്ചുകൊണ്ടുള്ള ബിസിസിഐ, ഐപിഎല്‍ ഗവേണിംങ് കൗണ്‍സില്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ലഡാക്കില്‍ ചൈനീസ് സൈനികര്‍ കടന്നു കയറിയപ്പോള്‍ ചൈനീസ് നിര്‍മിത ടിവി എടുത്തെറിഞ്ഞ് പ്രതിഷേധിച്ചവരെയോര്‍ത്ത് ദുഃഖമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

അടുത്തമാസം യുഎഇയില്‍ ആരംഭിക്കുന്ന ഐപിഎല്‍ ട്വന്റി20 ക്രിക്കറ്റില്‍ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ഉള്‍പ്പെടെയുള്ളവരെ സപോണ്‍സര്‍മാരായി നിലനിര്‍ത്താമെന്ന തീരുമാനത്തിനെതിരെയാണ് നേതാക്കളുടെ പ്രതിഷേധം. രാജ്യം സ്വയം പര്യാപ്തമാകാന്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്‌തെങ്കിലും സ്‌പോണ്‍സര്‍മാരുടെ കാര്യത്തില്‍ ചൈനയുടെ പിന്തുണ ആവശ്യമാണെന്ന് രാജ്യം തെളിയിക്കുകയാണെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു.

ചൈനീസ് കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പും പരസ്യവുമില്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവുമോ എന്ന കാര്യത്തില്‍ നമുക്കിപ്പോഴും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് ചൈനയ്ക്ക് ഇപ്പോള്‍ കൃത്യമായി ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Omar Abdullah on Chinese IPL funding while people of India boycotting Chinese products