കൊവിഡിൽ നിന്നും മുക്തി നേടി കഴിഞ്ഞ ദിവസം ആശുപത്രി വിട്ട ബോളിവുഡ് താരം അമിതാഭ് ബച്ചൻ തന്നെ ചികിത്സിച്ചവർക്കും ആശുപത്രി അധികൃതർക്കും നന്ദി പറഞ്ഞ് കുറിപ്പ് പങ്ക് വെച്ചിരുന്നു. ഇതിനു പിന്നാലെ ബച്ചൻ ആശുപത്രിക്ക് പരസ്യം നൽകുകയാണെന്ന് ആരോപിച്ച് യുവതി രംഗത്തത്തിയത്. അതിന് ബച്ചൻ നൽകിയ മറുപടി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
മനുഷ്യ ജീവന് വിലകൽപ്പിക്കാത്ത ആശുപത്രികൾക്ക് ബച്ചൻ പരസ്യം നൽകുകയാണെന്നും അദ്ധേഹത്തോടുള്ള ആദരവ് നഷ്ടമായെന്നുമാണ് യുവതി കുറിച്ചത്. കൂടാതെ ബച്ചനെ ചികിത്സിച്ച ആശുപത്രിയിൽ തന്നെയാണ് തൻ്റെ 80 വയസ്സായ പിതാവിനെ ചികിത്സിച്ചതെന്നും കൊവിഡ് പോസിറ്റീവാണെന്ന് പറഞ്ഞ് പറ്റിക്കുകയും ഡോക്ടർമാരുടെ ഉത്തരവാദിത്തമില്ലായ്മ കാരണം ഒരുപാട് അനുഭവിക്കേണ്ടി വന്നുവെന്നും യുവതി കുറിപ്പിൽ വ്യക്തമാക്കി. നീണ്ട കുറിപ്പിലൂടെയായിരുന്നു ഇതിനുള്ള മറുപടി ബച്ചൻ നൽകിയത്.
പിതാവിന് സംഭവിച്ച കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നു വെന്നും ചെറുപ്പം മുതലേ മോശം അവസ്ഥിയിലൂടെ താൻ കടന്നു പോയിട്ടുണ്ടെന്നും, മെഡിക്കൽ പ്രൊഫഷന് അതിൻ്റേതായ ചില നിയമങ്ങൾ ഉണ്ട് അവിടെ ഡോക്ടർമാരും നഴ്സുമാരും മാനേജ്മെൻ്റും രോഗിയുടെ പരിചരണത്തിൽ പരമാവധി ശ്രദ്ധ ചെലുത്തുന്നത് കണ്ടിട്ടുണ്ടെന്നും ബച്ചൻ വ്യക്തമാക്കി. വാണിജ്യപരമായ നേട്ടങ്ങൾക്ക് ചികിത്സ നടത്തുന്നത് കണ്ടിട്ടില്ലെന്നും ഇതിനോട് താഴ്മയായി വിയോജിക്കുന്നുവെന്നും ബച്ചൻ പറഞ്ഞു.
“ആ ആശുപത്രിക്ക് ഞാൻ പരസ്യം നൽകിയിട്ടില്ല. നാനാവതി ആശുപത്രിയിൽ എനിക്ക് നൽകിയ ചികിത്സക്കുള്ള നന്ദിയാണ് പറഞ്ഞത്. ഇതിനു മുൻപും താനിതു ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് എന്നോടുള്ള ആദരവ് നഷ്ടപെട്ടിട്ടുണ്ടാകും എന്നാൽ ഈ രാജ്യത്തെ ഡോക്ടർമാരോടും മെഡിക്കൽ പ്രൊഫഷനോടുമുള്ള ആദരവ് എനിക്ക് നഷ്ടമാകില്ല. അവസാനമായി ഒരു കാര്യം, എൻ്റെ ആദരവും ഉത്തരവാദിത്തവും നിങ്ങൾ വിലയിരുത്തേണ്ട ആവശ്യമില്ല” എന്നും ബച്ചൻ കുറിച്ചു.
Content Highlights; Amitabh Bachchan replies to woman who said she’s ‘totally lost respect’ for him: ‘My respectability is not going to be judged by you’