അയോധ്യ ഭൂമിപൂജ ഇന്ന്; പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് കൊവിഡ് ഭേദമായ 150 പൊലീസുകാര്‍

അയോധ്യ: അയോധ്യയിലെ ചരിത്ര പ്രസിദ്ധമായ രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങില്‍ വന്‍ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ കൂടാതെ 174 പേരാണ് ചടങ്ങില്‍ പങ്കെടുക്കുക.

നിലവിലെ താല്‍കാലിക രാമക്ഷേത്രത്തിലെ രണ്ടാമത്തെ പൂജാരിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് ഭേദമായ 150 പൊലീസുകാര്‍ക്കാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല. കൊവിഡ് മുക്തരായ ഇവരുടെ ശരീരത്തില്‍ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡിയുള്ളതിനാല്‍ ഇവരില്‍ നിന്ന് രോഗം പടരില്ലെന്ന വിദഗ്ധരുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം.

ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുനടക്കുന്ന ഭൂമിപൂജയിലും തുടര്‍ന്നുള്ള ശിലാസ്ഥാപനകര്‍മത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അദ്ദേഹമാണ് ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.

Content Highlight: 150 Covid recovered cops under PM’s security duty amid Ayodya Bhoomi Pooja ceremony