ബെയ്റൂട്ടിൽ പൊട്ടിത്തെറിച്ചത് 2750 ടൺ അമോണിയം നെെട്രേറ്റ്; ഇതുവരെ മരണപ്പെട്ടത് 78 പേർ, 4000ത്തോളം പേർക്ക് പരിക്ക്

2,750 Tonnes Of Ammonium Nitrate Exploded: Lebanon PM On Beirut Blasts

ലെബനൻ്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇന്നലെയുണ്ടായ ഇരട്ട സ്ഥോടനത്തിൽ 78 പേരുടെ മരണം സ്ഥിരീകരിച്ചു. 4000 ലധികം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സ്ഥോടനത്തിൽ പലരേയും കാണാതായിട്ടുണ്ടെന്നും രാത്രി വെെദ്യുതി പോലും ഇല്ലാതിരുന്ന സാഹചര്യമായതിനാൽ തെരച്ചിൽ നടത്താൻ സാധിച്ചില്ലെന്നും ലെബനന്‍ ആരോഗ്യ മന്ത്രി ഹമദ് ഹസന്‍ റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള വീടുകൾക്കും സ്ഥാപനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തെത്തുടർന്ന് ബാൽക്കണികൾ തകർന്നുവീഴുകയും ജനാലകൾ പൊട്ടിച്ചിതറുകയും ചെയ്തു.

2750 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്ന് ലബനീസ് പ്രധാനമന്ത്രി ഹസൻ ദെയ്ബ് പറഞ്ഞു. സ്ഫോടനം നടന്ന വെയർഹൗസുകളിലൊന്നിൽ ഇത്രയധികം അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആറുവർഷമായി വെയർഹൗസിൽ ഇത് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ഇത്രയും കാലം അവ സൂക്ഷിച്ചത് അംഗീകരിക്കാനാകില്ലെന്നും ലബനീസ് പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനം ആക്രമണമാണെന്ന് അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 

ലെബനനില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. 2005ല്‍ കൊല്ലപ്പെട്ട മുന്‍ ലെബനീസ് പ്രധാനമന്ത്രി റഫീഖ് ഹരാരിയുടെ കേസിലെ വിചാരണ നടക്കാനിരിക്കുകയാണ്. ലെബനനിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ ഇതുവരെ അയവു വന്നിട്ടില്ല. ഇതിനു പുറമെ രാജ്യത്തെ ഹിസ്ബൊള്ള സംഘവും ഇസ്രായേൽ സൈന്യവും തമ്മിലുള്ള സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയും ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.

content highlights: 2,750 Tonnes Of Ammonium Nitrate Exploded: Lebanon PM On Beirut Blasts