കള്ളക്കടത്തുകേസിലെ പ്രതിയായ സ്വപ്ന സുരേഷിനെതിരെ പരാതി നൽകിയ ഉദ്യോഗസ്ഥനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് എൽ എസ് സിബുവിനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തത്. സിബുവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രെെംബ്രാഞ്ച് സ്വപ്ന വ്യാജരേഖ ചമച്ചതായും ആൾമാറാട്ടം നടത്തിയതായും കണ്ടെത്തിയത്.
നിലവിൽ എയർ ഇന്ത്യയുടെ ഹെെദരാബാദിലെ ഗ്രൌണ്ട് ഹാൻഡിലിംഗ് യൂണിറ്റിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. 2015 ജനുവരിയിൽ എയർ ഇന്ത്യ സാറ്റ്സിലെ 17 വനിത ജീവനക്കാരുടെ പേരിൽ സിബുവിനെതിരെ വ്യാജ പീഡന പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് 2015ൽ സിബുവിനെ ഹെെദരാബാദിലേക്ക് സ്ഥലം മാറ്റുന്നത്. പിന്നീട് പരാതി വ്യാജമാണെന്ന് ക്രെെബ്രാഞ്ച് കണ്ടെത്തി. 17 പെൺകുട്ടികളുടേതായി തയാറാക്കിയ പരാതി ഡ്രാഫ്റ്റ് ചെയ്തത് സ്വപ്ന സുരേഷാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തങ്ങളുടെ ഒപ്പ് സ്വപ്‌നാ സുരേഷ് വ്യാജമായി തയാറാക്കി പരാതിക്കൊപ്പം ചേര്‍ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടികളും മൊഴി നല്‍കിയിരുന്നു.
content highlights: Air India official suspended