സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റും മഴയും; കേരളത്തില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുന്നതിനിടെ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി ദേശീയ ജല കമ്മീഷന്‍. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച്ച വരെ കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളമടക്കം ആറു സംസ്ഥാനങ്ങള്‍ക്കാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വയനാട്, കോഴിക്കോട് ജില്ലകളില്‍ രാത്രിയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഇതിന്റെ ഭാഗമായി ഇരവഴിഞ്ഞി, പൂനൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പുതുപ്പാടി, കോടഞ്ചേരി പുഴകളിലും മലവെള്ളപ്പാച്ചിലുണ്ടായി. മലപ്പുറം-വയനാട് അതിര്‍ത്തികളിലെ മലമ്പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നത് ചാലിയാറില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായി. മുക്കത്ത് റോഡുകള്‍ വെള്ളത്തിനടിയിലായി.

പാലക്കാട് ഭവാനിപ്പുഴയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പ്രളയ സാധ്യത മുന്നില്‍ കണ്ട് അതികൃതര്‍ നടപടി സ്വീകരിച്ച് കഴിഞ്ഞു.

Content Highlight: Heavy rain in Kerala, Red alert declared on different parts