ചൈനയിൽ കൊവിഡ് മുക്തി നേടിയ 90 ശതമാനം ആളുകൾക്കും ശ്വാസകോശത്തിന് തകരാർ; ചിലർക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

Shocking! 90% of recovered COVID-19 patients in Wuhan suffering from lung damage: report

കൊവിഡ് പൊട്ടിപ്പുറപെട്ട ചൈനയിലെ വുഹാനിൽ കൊവിഡ് ഭേദമായ ഭൂരിപക്ഷം ആളുകൾക്കും ശ്വാസകോശത്തിന് തകരാർ സംഭവിച്ചിട്ടുള്ളതായി പുതിയ കണ്ടെത്തൽ. ഏപ്രിലിൽ കൊവിഡ് മുക്തി നേടിയ 100 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരിൽ 90 പേർക്കും ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഷോങ്ഗാൻ ആശുപത്രിയിലെ അത്യാഹിത വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇവരിൽ അഞ്ച് ശതമാനം ആളുകൾക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതായും പഠനത്തിൽ തെളിഞ്ഞു.

വീണ്ടും കൊവിഡ് സ്ഥിരീകരിച്ചവർ എല്ലാവരും വീണ്ടും ക്വാറൻ്റൈനിലാണെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 100 കൊവിഡ് മുക്തരിൽ 10 പേരിലും കൊറോണ വൈറസിനെതിരെ ശരീരം ഉത്പാദിപ്പിച്ച ആൻ്റിബോഡി അപ്രത്യക്ഷമായിട്ടുണ്ട്. ഇവരിൽ അഞ്ച് പേരാണ് ഇമ്മ്യൂണോ ഗ്ലോബുലിൻ ടെസ്റ്റിൽ പോസിറ്റീവ് കാണിച്ചതിനെ തുടർന്ന് ക്വാറൻ്റൈനിലായിരിക്കുന്നത്. ഇവരിൽ വൈറസ് തിരികെ എത്തിയതായാണ് കണക്കാക്കുന്നത്. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസാണ് ഈ പഠന റിപ്പോർട്ട് പുറത്തു വിട്ടത്

പരിശോധനയുടെ ആദ്യഘട്ടത്തിൽ കൊവിഡ് മുക്തി നേടിയ ആളുകളെ ആറ് മിനുറ്റ് നടത്തുകയായിരുന്നു. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ആറ് മിനിറ്റിൽ 500 മീറ്റർ നടക്കാൻ സാധിക്കും. എന്നാൽ ഇവർക്ക് 400 മീറ്റർ മാത്രമേ നടക്കാൻ കഴിഞ്ഞുള്ളുവെന്ന് പരിശോധനയിൽ തെളിഞ്ഞു. ഇതിൻ്റെ ഭാഗമായി വിദഗ്ദ സംഘം നിരീക്ഷിച്ച, കൊവിഡ് ഭേദമായ 90 ശതമാനം ആളുകൾക്കും ശ്വാസകോശത്തിന് തകരാർ സംഭവിച്ചിട്ടുണ്ട്. ശ്വാസകോശ വായു സഞ്ചാരവും, ശ്വസനവായു കൈമാറ്റവും കൃത്യമായി നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

Content Highlights; Shocking! 90% of recovered COVID-19 patients in Wuhan suffering from lung damage: report