പകർപ്പവകാശമില്ലാത്ത സിനിമകൾ യൂട്യൂബിൽ സംപ്രേക്ഷണം ചെയ്ത ആറ് കമ്പനികൾക്കെതിരെ നോട്ടീസയച്ച് കോടതി

youtube copyright issues court notice

പകർപ്പവകാശമില്ലാത്ത സിനിമകൾ യൂട്യൂബ് വഴി സംപ്രക്ഷണം ചെയ്ത ആറ് കമ്പനികൾക്കെതിരെ നോട്ടീസ് അയച്ച് കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സബ് കോടതി. സിനിമാ സംപ്രേക്ഷണം നിർത്തി വെക്കാനും കോടതി ഉത്തരവിട്ടു. കോഴിക്കോട് മില്ലേനിയം ഓഡിയോസ് ഉടമ സജിത് പച്ചാട്ടിൻ്റെ ഹർജിയിലാണ് ഉത്തരവ്. എറണാകുളത്തെ മൂവി വേൾഡ്, സെയ്ന വീഡിയോ വിഷൻ, മ്യൂസിക്ക് സോൺ, ഹൊറൈസൺ ഓഡിയോ ആൻ്റ് വീഡിയോ, കൊല്ലത്തുള്ള ശ്രീ മൂവീസ്, മുംബൈയിലെ ബിസ്കൂട്ട് റീജനൽ എക്സ്പ്രസ് സോൺ എന്നീ കമ്പനികൾക്കാണ് കോടതി നോട്ടീസയച്ചിരിക്കുന്നത്.

സജിക്ക് മാത്രം പകർപ്പവകാശമുള്ള ദാദാസാഹിബ്, ഗ്രാമഫോൺ, ഇങ്ങനെ ഒരു നിലാപക്ഷി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, രാക്ഷസ രാജാവ് എന്നീ സിനിമകൾ തൻ്റെ അനുമതിയില്ലാതെ യൂട്യൂബ്, ഇൻ്റർനെറ്റ് എന്നിവ വഴി സംപ്രേക്ഷണം ചെയ്തെന്നാണ് അഡ്വ.ഷരൺ ഷഹീർ മുഖേന നൽകിയ പരാതി. ഈ അഞ്ച് സിനിമകളുടെ ഇൻ്റർനെറ്റ് പകർപ്പവകാശം 2010 മുതൽ തൻ്റെ കൈവകാശമാണെന്നാണ് സജി പച്ചാട്ട് വ്യക്തമാക്കിയത്. സിനിമാ നിർമ്മാതാക്കളായ സർഗം കബീറിൽ നിന്നാണ് ഈ സിനിമകളുടെ 99 വർഷത്തെ ഇൻ്റർനെറ്റ് പകർപ്പവകാശം 2010 ൽ വാങ്ങിയത്.

ഈ കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കോടതി മുൻപാകെ നൽകിയ ഹർജി ജില്ലാ ജഡ്ജി പി രാഗിണിയാണ് കൊമേഴ്സ്യൽ കോടതിയായ ജില്ലാ പ്രിൻസിപ്പൽ സബ് കോടതിയിലെക്ക് മാറ്റിയത്. ജില്ലാ കൊമേഴ്സ്യൽ കോടതിയിൽ വരുന്ന ആദ്യ പകർപ്പവകാശ ലംഘന കേസാണിത്.

Content Highlights; youtube copyright issues court notice