രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കൊറോണ വൈറസ് ബാധിതരിലും രോഗ ലക്ഷണങ്ങളുള്ളവരുടേതിന് സമാനമായി മുക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിൽ രോഗാണുക്കൾ ഉണ്ടായേക്കാമെന്ന് ദക്ഷിണ കൊറിയയുടെ പുതിയ പഠനം. സൂന്‍ചുന്‍ഹ്യാങ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിലെ ഒരു സംഘം നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. മാർച്ച് 6 നും 20 നും ഇടയിൽ ഐസോലേഷനിൽ കഴിയുന്ന 303 പേരിൽ നിന്നും ശേഖരിച്ച സ്രവങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. 22 മുതൽ 36 വയസ്സുവരെ പ്രായമുണ്ടായിരുന്ന ഇവരിൽ രണ്ടിൽ മൂന്നു ഭാഗവും സ്ത്രീകളായിരുന്നു.
അതിൽ 193 പേർ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നവരും 110 പേർ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരുമായിരുന്നു. ഇവരിൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്ന 89 പേർ പിന്നീട് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ഐസോലേഷനിൽ പ്രവേശിച്ചതിൻ്റെ എട്ടാം ദിവസമാണ് സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചത്. രോഗ ലക്ഷണങ്ങളുള്ളവരുമായി ഇല്ലാത്തവരെ താരതമ്യം ചെയ്യുമ്പോൾ ഇവരുടെ ടെസ്റ്റ് നെഗറ്റീവാകാൻ എടുക്കുന്ന സമയം വളരെ കുറവാണ്. എന്നാൽ തങ്ങളുടെ പഠനത്തിൽ വൈറസിൻ്റെ സാന്നിധ്യമുണ്ടോ എന്ന് മാത്രമാണ് പരിശോധിച്ചതെന്നും അത്, വൈറസ് വ്യാപനത്തിന് കാരണമാകുന്നുണ്ടോ എന്നത് സംബന്ധിച്ച പഠനം നടത്തിയില്ലെന്നും ഗവേഷകർ വ്യക്തമാക്കി
Content Highlights; Asymptomatic carry similar level of pathogen a new study says