സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ കനത്ത മഴ; പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. കനത്തമഴ ചൊവ്വാഴ്ച്ച വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. നിലവിലുള്ള ന്യൂനമര്‍ദ്ദം കൂടാതെ തിങ്കളാഴ്ച്ചയോടെ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ച മലപ്പുറത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലാകെ ഇതിനോടകം തന്നെ 52 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 621 കുടുംബങ്ങളിലെ 2261 പേരാണ് നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നത്. ദുരന്തസാധ്യത കണക്കിലെടുത്ത് കേന്ദ്ര ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങള്‍കൂടി (50 പേര്‍) കേരളത്തിലെത്തി. പാലക്കാട്ടും മലപ്പുറത്തും നിയോഗിച്ചു.

Content Highlight: Heavy rain reported in Districts of Kerala