തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന മഴ ഇന്നും വ്യാപകമാകാന്‍ സാധ്യത. അടുത്ത ദിവസത്തോടെ മഴയുടെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇതോടെ വിവിധ ജില്ലകളില്‍ നിലനിന്നിരുന്ന റെഡ് അലെര്‍ട്ട് മാറ്റി ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു.
മലയോര മേഖലയിലും കനത്ത മഴ ലഭിച്ചേക്കും. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ശ്രദ്ധിക്കണം. കാസര്‍കോട്, വയനാട്, കോഴിക്കോട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലും മഴ പെയ്യും. ഇവിടങ്ങളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ മഴയുടെ തീവ്രത കുറഞ്ഞുതുടങ്ങുമെന്നാണ് പ്രതീക്ഷ.
മഴയുടെ തീവ്രത കുറഞ്ഞു തുടങ്ങിയതോടെ ഇടുക്കി മുല്ലപ്പെരിയാര്‍ ഡാമില്‍ നീരൊഴുക്ക് കുറഞ്ഞു. ഇതോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജലനിരപ്പ് 132 അടിയെത്തിയപ്പോള്‍ തമിഴ്‌നാട് ഒന്നാം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും നീരൊഴുക്ക് കുറഞ്ഞതോടെ രണ്ടാം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.
മഴ ശക്തമായതോടെ ഇന്നലെ തുറന്ന പമ്പാ അണക്കെട്ടിന്റെ ഷട്ടറുകള്‍ മഴ കുറഞ്ഞതോടെ അടച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് ആറു ഷട്ടറുകളും അടച്ചത്. ഇതോടെ പത്തനംതിട്ടയില്‍ നിലനിന്നിരുന്ന ആശങ്കക്ക് ശമനമായി.
Content Highlight: Heavy Rain may occur today also in Kerala