പരിസ്ഥിതി ആഘാത നിയമഭേദഗതിയില്‍ കേരളത്തിന്റെ നിലപാട് നാളെ അറിയിക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പരിസ്ഥിതി ആഘാത ഭേദഗതിയില്‍ കേരളം നാളെ നിലപാടറിയിക്കും. വിജ്ഞാപന്തിലെ ചില വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്താനാണ് കേരളത്തിന്റെ നിലപാടെന്നാണ് റിപ്പോര്‍ട്ട്. വിജ്ഞാപനം സംബന്ധിച്ച് നിലപാടറിയിക്കാനുള്ള അവസാന തിയതി നാളെയാണ്.

പരിസ്ഥതി ലോല മേഖലകളിലെ ഖനനാനുമതി,അതിരപ്പളളി അടക്കമുളള ജലവൈദ്യുത പദ്ധതികള്‍, മലിനകീരണ പ്രശ്‌നമുണ്ടാക്കുന്ന ഫാക്ടറികള്‍, ദേശീയപാത അടക്കം റോഡ് വികസനത്തിനായുളള സ്ഥലം ഏറ്റെടുക്കല്‍, ഫ്‌ലാറ്റുകളും മാളുകളും അടക്കമുളള വന്‍കിട നിര്‍മ്മാണങ്ങള്‍ ഇവയിലെല്ലാം പാരിസ്ഥിതിക അനുമതിയിലെ ഇളവ് വലിയ പ്രത്യാഘാതമുണ്ടാക്കും. പ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും അടക്കം വലിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന ഘട്ടത്തില്‍ തന്നെ പരിസ്ഥിതി നിയമത്തില്‍ വെളളം ചേര്‍ക്കുന്ന നടപടികള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം കൊടുത്തില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

സിപിഎം നേതാക്കള്‍ എതിര്‍ക്കുന്ന വിഷയത്തില്‍ സംസ്ഥാനം പ്രതികരിക്കാത്തതും വിവാദത്തിനിടയാക്കിയിരുന്നു. കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. വിജ്ഞാപനത്തിനെതിരെ വിമര്‍ശനങ്ങളോടൊപ്പം പ്രതിഷേധങ്ങളും ഒപ്പു ശേഖരണവും സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഭേദഗതി വരുത്താന്‍ തന്നെയാണ് കേന്ദ്ര തീരുമാനം.

Content Highlight: Kerala will submit its opinion on amendment of EIA Law