പത്ത് സംസ്ഥാനങ്ങള്‍ ശ്രമിച്ചാല്‍ കൊവിഡിനെ തുരത്താം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പത്ത് സംസ്ഥാനങ്ങള്‍ രോഗ നിയന്ത്രണത്തിന് ശ്രമിച്ചാല്‍ കൊവിഡിനെ തുരത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കൊവിഡ് കേസുകളുടെ 80% ഈ സംസ്ഥാനങ്ങളിലാണെന്നാണ് പ്രധാനമന്ത്രി ചൂണ്ടികാണിച്ചത്.

കൊവിഡ് പ്രതിരോധം സംബന്ധിച്ച് ഏഴാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കാണുന്നത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട്, ബംഗാള്‍, കര്‍ണാടക എന്നീ പത്ത് സംസ്ഥാനങ്ങളിലെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.

കോവിഡ് -19 കണ്ടെത്തുന്നതിനായി നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ ചെലവിന്റെ 50 ശതമാനം കേന്ദ്രം വഹിക്കണെമെന്ന് യോഗത്തില്‍ തമിഴ്‌നാട് ഇ പളനിസ്വാമി ആവശ്യപ്പെട്ടു. കൊവിഡ് 19 മഹാമാരി മൂലമുണ്ടായ വരുമാന നഷ്ടം നികത്തുന്നതിന് ഉത്തമമായൊരു സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പറഞ്ഞു.

മഴക്കെടുതികള്‍ വിലയിരുത്താന്‍ കേരള, അസ്സം, ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങി ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്നലെ സംസാരിച്ചിരുന്നു. ജൂണിലായിരുന്നു കൊവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ അവസാന ചര്‍ച്ച.

Content Highlight: If These 10 States Beat Covid, India Can Win, PM Tells Chief Ministers