പെട്ടിമുടിയില്‍ തിരച്ചില്‍ അഞ്ചാം ദിനത്തിലേക്ക്

ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി പെട്ടിമുടിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും തെരച്ചില്‍ ഊര്‍ജിതമാക്കി. കണ്ടെത്താനുള്ളവരില്‍ കൂടുതലും കുട്ടികളാണ്. ഇന്നലെ മൂന്ന് കുട്ടികളടക്കം ആറ് പേരുടെ മൃതദേഹം മണ്ണിനടിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. പെട്ടിമുടി പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചിലിലാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്.

മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് നിന്ന് മൃതദേഹങ്ങള്‍ ഒഴുകി പോയിട്ടുണ്ടാവാമെന്ന സാധ്യത പരിഗണിച്ചാണ് അന്വേഷണം പുഴയില്‍ കേന്ദ്രീകരിച്ചത്. പുഴയില്‍ നിന്ന് 12 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലാണ് നിലവില്‍ പുരോഗമിക്കുന്നത്.

കാലാവസ്ഥ അനുകൂലമാണെങ്കിലും വലിയ പാറക്കൂട്ടങ്ങള്‍ വന്നടിഞ്ഞത് രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്‌ഫോടക വസ്തുക്കള്‍ കൊണ്ട് ചെറു സ്‌ഫോടനം നടത്തി രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാനുള്ള ശ്രമവും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. പെട്ടിമുടി ദുരന്തത്തില്‍ നിലവില്‍ മരണസംഖ്യ 49 ആയി.

Content Highlight: Searching for the dead bodies at Pettimudi on the fifth day