സ്വദേശിയാകുക എന്നതിന് എല്ലാ വിദേശ ഉത്പന്നങ്ങളും ബഹിഷ്കകരിക്കണമെന്ന അർഥമില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഓൺലൈനിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. പ്രാദേശികമായി ലഭ്യമല്ലാത്ത സാധനങ്ങളും സാങ്കേതിക വിദ്യയുമെല്ലാം ഇറക്കുമതി ചെയ്യാമെന്നും അദ്ധേഹം പറഞ്ഞു. രാജ്യത്തിന് ആവശ്യമായതൊക്കെ വാങ്ങാം പക്ഷേ വ്യവസ്ഥകൾ അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാശ്രയത്വം വളരെ പ്രധാന്യമുള്ളതാണ്. എന്നാൽ എല്ലായിടത്തും സാധ്യമായ സാമ്പത്തിക മാതൃക എന്ന ഒന്നില്ലെന്നും ആഗോളവത്കരണം കൊവിഡ് മഹാമാരിക്കാലത്ത് പ്രതീക്ഷിച്ച ഫലമല്ല നൽകിയതെന്നും ഭാഗവത് ചൂണ്ടിക്കാട്ടി. സ്വയം പര്യാപ്തമായ രാജ്യങ്ങൾ തമ്മിൽ പരസ്പര സഹകരണം വേണമെന്നും ലോകത്തെ ഒരൊറ്റ വിപണിയായി കാണാതെ ഒരു കുടുംബമായി കാണാൻ സാധിക്കണമെന്നും ഭാഗവത് അഭിപ്രായപെട്ടു.
സ്വതന്ത്ര ഇന്ത്യയിൽ നമ്മുടെ ഉത്പന്നങ്ങളും സാങ്കേതിക വിദ്യയും വിദേശ ഉത്പന്നങ്ങളോടുള്ള ആഭിമുഖ്യം കാരണം അവഗണിക്കപ്പെട്ടതായും, ഈ നഷ്ടം നികത്തുന്ന തരത്തിലുള്ള ഒരു സാമ്പത്തിക നയം സ്വാതന്ത്യത്തിനു ശേഷം ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിലവിലെ സാമ്പത്തിക നയങ്ങൾ ശരിയായ ദിശയിലാണെന്നും മോഹൻ ഭാഗവത് അവകാശപെട്ടു.
Content Highlights; Swadeshi does not necessarily mean boycotting all foreign products: Mohan Bhagwat