രാജ്യത്തെ മികച്ച സർവകലാശാലകളിൽ ഒന്നാമതെത്തി ജാമിയ മിലിയ ഇസ്ലാമിയ. 90 ശതമാനം സ്കോർ നേടിയാണ് ജാമിയ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 83 ശതമാനം സ്കോർ നേടിയ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് അരുണാചൽ പ്രദേശാണ് പട്ടികയിൽ രണ്ടാമത്. മൂന്നാം സ്ഥാനത്ത് ഡൽഹി ജെഎൻയു സർവകലാശാലയാണ്. 82 ശതമാനം സ്കോറാണ് ജെഎൻയുവിനുള്ളത്. 78 ശതമാനം സ്കോർ നേടി അലിഗഡ് മുസ്ലീം സർവകലാശാലയും പട്ടികയിലുണ്ട്.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും യുജിസിയും തമ്മിലുള്ള ധാരണപത്രം പ്രകാരമുള്ള മാനധണ്ഡങ്ങൾ അനുസരിച്ചാണ് യൂണിവേഴ്സിറ്റിയുടെ മികവ് വിലയിരുത്തുന്നത്. യുജി, പിജി, പിഎച്ച്ഡി, എംഫിൽ കോഴ്സുകളിലെ വാർഷിക വിദ്യാർത്ഥികളുടെ എണ്ണം, വിദ്യാർത്ഥി വെെവിധ്യം എന്നിവ അടിസ്ഥാനമാക്കിയാണ് മികവ് വിലയിരുത്തുന്നത്. വിദ്യാർത്ഥി, അധ്യാപക അനുപാതം, അധ്യാപക ഒഴിവ്, വിസിറ്റിംഗ് ഫാക്കൽറ്റി മുതലായവ ഉൾപ്പെടുന്ന ഫാക്കൽറ്റി ഗുണ നിലവാരവും മാനദണ്ഡമായി പരിഗണിക്കും.
രാജ്യത്ത് നടപ്പാക്കിയ പൌരത്വ നിയമത്തിനെതിരെ ആരംഭിച്ച പ്രതിഷേധങ്ങളുടെ പ്രഭവ കേന്ദ്രമായിരുന്നു ജാമിയ മിലിയ. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന ആരോപണവും സർവകലാശാലയ്ക്ക് എതിരെ ഉണ്ടായിരുന്നു. എന്നാൽ വിവാദങ്ങൾക്കെല്ലാം മറുപടിയായിട്ടാണ് ജാമിയ മിലിയ രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാല ആയി മാറിയത്.
content highlights: Jamia Millia Islamia tops central universities in government