കൊവിഡ് 19: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ സമയം വെട്ടിക്കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളുടെ സമയം വെട്ടിക്കുറച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി പതാകയുയര്‍ത്തുന്നതടക്കം 15 മിനിറ്റ് ചടങ്ങായാണ് സമയം വെട്ടിക്കുറച്ചത്.

തലസ്ഥാന ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ചടങ്ങിലടക്കം നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ആള്‍കൂട്ടമുണ്ടായാല്‍ രോഗവ്യാപനം കൂടിയേക്കാമെന്നാണ് ആശങ്ക.

നേരത്തെ നൂറ് പേര്‍ പങ്കെടുക്കുന്ന പരേഡ് നടത്താനിരുന്ന തീരുമാനത്തില്‍ നിന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍മാറി ചിന്തിച്ചത്.

അതേസമയം, കരിപ്പൂര്‍ വിമാനാപകടത്തില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കളക്ടര്‍, സബ്കളക്ടറടക്കം കളക്ടറേറ്റിലെ 21 ജീവനക്കാര്‍ക്കും, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയില്‍ മാത്രം ആഘോഷങ്ങള്‍ നടത്താനാണ് തീരുമാനം.

Content Highlight: Kerala cut to 15 minutes program on Independence day amid Covid 19