കൊച്ചി: കൊച്ചിന് കോര്‍പ്പറേഷനും സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. സര്‍ക്കാരിന്റെ ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിയുമായി കോര്പ്പറേഷന് സഹായിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് വിമര്‍ശനം. കോടതി ആവശ്യപ്പെട്ട രേഖകള്‍ നല്കുന്നതില് നഗരസഭ മടി കാണിച്ചതിനെയും കോടതി വിമര്‍ശിച്ചു.
സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ഫയലുകളിലെ കുറിപ്പുകളായി അവശേഷിക്കാതെ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് നെഞ്ചില്‍ കൈ വെച്ച് പറയാന്‍ കഴിയുമോയെന്ന് സര്‍ക്കാര്‍ അഭിഭാഷനോട് ചോദിച്ച കോടതി, ന്യായാധിപനും സര്‍ക്കാര്‍ അഭിഭാഷകനുമെല്ലാം നാളെകളില്‍ സാധാരണ പൗരന്മാരായി ആശ്രയം തേടി വരേണ്ടത് ഈ കോടതിയിലേക്ക് തന്നെയാണെന്ന് മറക്കരുതെന്ന് ഓര്‍മിപ്പിച്ചു.
കോര്പ്പറേഷന് സെക്രട്ടറിക്കെതിരെ നഗരസഭ കൗണ്‍സിലും കോടതിയില്‍ രംഗത്ത് വന്നു. പേരണ്ടൂര്‍ കനാലിലെ ചെളി മാറ്റുന്നതടക്കമുള്ള കാര്യങ്ങളിലെ ക്രമക്കേടില്‍ അന്വേഷണം വേണമെന്നതടക്കമുളള കാര്യങ്ങള്‍ പരിശോധിച്ച് ഒരാഴ്ച്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോര്പ്പറേഷന് സെക്രട്ടറിക്ക് കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.
Content Highlight: Kerala High Court slam Cochin Corporation and Government